ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ സത്യമാവില്ലെന്ന് പ്രതിപക്ഷത്തോട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ഒന്നര മാസത്തോളമായി യു.ഡി.എഫ് നേതാക്കൾ എല്ലാ ദിവസവും പത്രസമ്മേളനം വിളിച്ച് കള്ളപ്രചരണം നടത്തുകയാണെന്നും ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ സത്യമാവുമെന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യു.ഡി.എഫും ബി.ജെ.പിയും സയാമീസ് ഇരട്ടകളെപ്പോലെയാണ്. നുണകൾ ആവർത്തിച്ച് ചെറുവിഭാഗത്തിലെങ്കിലും ഇവർ സംശയം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രിയെ ബോധപൂർവം ആക്രമിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.

സർക്കാരിനെ കളങ്കപ്പെടുത്താൻ യു.ഡി.എഫ് ഗീബൽസിയൻ നുണകൾ സൃഷ്ടിക്കുകയാണ്. ഗീബൽസും ചെന്നിത്തലയും തമ്മിൽ വലിയ വ്യത്യാസമില്ല. എം.ശിവങ്കർ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി അർപ്പിച്ച വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിച്ചില്ലെന്ന് കടകംപള്ളി പറഞ്ഞു.

കൊവിഡ് മൂലം സംസ്ഥാനത്ത് ടൂറിസം മേഖലയിൽ 25000 കോടിയുടെ നഷ്ടം ഉണ്ടായി. ഈ സാഹചര്യത്തിൽ 455 കോടിയുടെ വായ്പ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 25 ലക്ഷം രൂപ വരെ സംരംഭകർക്ക് വായ്പയായി ലഭിക്കും. പലിശയിൽ 50 ശതമാനം സബ്സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ലൈഫ്മിഷൻ വിവാദത്തിൽ കാര്യമില്ല. സ്ഥലം വിട്ടുനൽകിയതോടെ സർക്കാരിന്‍റെ ഉത്തരവാദിത്തം കഴിഞ്ഞു. എൻ.ഐ.എ.അന്വേഷണത്തിൽ സി.പി.എം ബന്ധമുള്ള ആരും അറസ്റ്റിലായിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.