കെ.പി.സി.സി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ട്; വിഴുപ്പലക്കലിനില്ലെന്ന് കെ. മുരളീധരൻ

കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ. മുരളീധരൻ എം.പി. അഭിപ്രായ ഭിന്നതയുടെ പേരിൽ പ്രശ്നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. വിഴുപ്പലക്കലിന്‍റെ കാലഘട്ടം കഴിഞ്ഞു. ദേശീയ, സംസ്ഥാന തലങ്ങളിൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

എം.പിമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും പാർട്ടി പദവികൾ ഒഴിയണമോ വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. മാധ്യമങ്ങളിലൂടെയാണ് പാർട്ടിയുടെ പല തീരുമാനങ്ങളും അറിയുന്നത്. കൂടിയാലോചന ഇല്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കന്മാർ മാറിയത് പാർട്ടിയുടെ കെട്ടുറപ്പിനെയോ യു.ഡി.എഫിന്‍റെ വിജയസാധ്യതയെയോ ബാധിക്കില്ല. വരുന്ന തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ജയിക്കുമെന്ന കാര്യത്തിൽ സംശ‍യമില്ല. വടകര പാർലമെന്‍റ് മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വടകരയിലും വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും മാത്രമാവും പ്രചരണത്തിന് പോവുകയുള്ളുവെന്നും മുരളീധരൻ പറഞ്ഞു.

പാർലമെന്‍റിലെ കാര്യങ്ങൾ നോക്കാനാണ് നേതൃത്വം പറഞ്ഞിട്ടുള്ളത്. അക്കാര്യങ്ങൾ ഭംഗിയായി നോക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.