ക്ഷമ പറഞ്ഞെന്ന് വരുത്തി കെ. മുരളീധരൻ 'വ്യക്തിപരമായി മേയർക്ക് പ്രയാസമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു'

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് നേരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെന്ന് വരുത്തി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. മേയറെക്കുറിച്ച് അധിക്ഷേപകരമായ ഒന്നും പറഞ്ഞിട്ടില്ല. പല പ്രഗത്മമതികളും ഇരുന്ന കസേരയിൽ ഇരിക്കുന്ന മേയർ ആ പക്വത കാണിച്ചില്ല എന്നാണ് താൻ പറഞ്ഞത്. താൻ പറഞ്ഞതിൽ അവർക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം.പി പറഞ്ഞു.

കാരണം സ്ത്രീകൾക്ക് താൻ മൂലം പ്രയാസമുണ്ടാകരുത് എന്ന് ആഗ്രഹമുണ്ട്. നാക്കുപിഴയായിരുന്നോ എന്ന ചോദ്യത്തിന് നാക്കുപിഴയല്ല ‍എന്നും മുരളീധരൻ മറുപടി നൽകി. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. എന്‍റെ സംസ്ക്കാരത്തിന് മാർക്കിടാൻ തക്കവണ്ണം മാർക്സിസ്റ്റ് പാർട്ടിയിൽ ആരുമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. ആര്യ രാജേന്ദ്രൻ കേസുമായി മുന്നോട്ടുപോകട്ടെ. ആ രീതിയിൽ നേരിട്ടോളാമന്നും കെ. മുരളീധരൻ പറഞ്ഞു.

'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്.' എന്നായിരുന്നു ഡി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോർപറേഷൻ ധർണയിൽ ആര്യ രാജേന്ദ്രനെക്കുറിച്ച് കെ. മുരളീധരൻ പറഞ്ഞത്.

സംഭവത്തിൽ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പൊലീസ് നടപടികൾ നോക്കട്ടെ. അതിനുശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. മുരളീധരന്‍റെ നിലവാരത്തിലേക്ക് താഴാൻ എനിക്ക് കഴിയില്ല. ഇത്തരം തെറ്റായ സന്ദേശം കൊടുക്കുന്ന പരാമർശങ്ങൾ എന്നെ ഒരുതുരത്തിലും ബാധിച്ചിട്ടില്ലെന്നും മേയർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Tags:    
News Summary - K Muraleedharan regrets remarks against Arya Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.