കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയ ശശി തരൂരിന്‍റെ നടപടിയിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമാണെന്നാണ് മുരളീധരൻ പറഞ്ഞത്. വിഷയത്തിൽ ഹൈക്കമാൻഡ് നിലപാട് പറയുമെന്നും നിരന്തരം മോദി സ്തുതി നടത്തുന്നത് ശരിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണ്. പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞത് ശരിയല്ല. തരൂരിന്റെ വാക്കുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ വിലകൊടുത്തില്ലെന്ന് വ്യക്തമായി. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അൻവറിന് വോട്ട് കിട്ടിയത് അംഗീകരിക്കുന്നു. തുടർന്നുള്ള കാര്യങ്ങൾ ഇപ്പോൾ അജണ്ടയിലില്ല. യു.ഡി.എഫിൽ ചേരണോ വേണ്ടയോ എന്ന് അൻവർ തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.
നിലമ്പൂരിലെ പരാജയം അംഗീകരിക്കാൻ എൽ.ഡി.എഫ് തയാറാകണം. വിജയം മാത്രമേ അംഗീകരിക്കൂ എന്ന നിലപാട് ശരിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ഭരണത്തുടർച്ച എന്ന വ്യാമോഹം ജനങ്ങൾ തള്ളിക്കളഞ്ഞു. അതാണ് നിലമ്പൂർ തെളിയിച്ചതെന്നും കെ. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.