ബൈക്ക് അഭ്യാസവും രൂപമാറ്റവും: സംസ്ഥാന വ്യാപക പരിശോധനയില്‍ 6,37,350 രൂപ പിഴ

തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി ഈടാക്കിയത് 1,66,500 രൂപ. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു.

ട്രാഫിക്ക് വിഭാഗം ഐ.ജി എ.അക്ബറിന്‍റെ നിര്‍ദ്ദേശപ്രകാരം സൗത്ത് സോണ്‍ ട്രാഫിക്ക് എസ്.പി എ.യു സുനില്‍ കുമാര്‍, നോര്‍ത്ത് സോണ്‍ ട്രാഫിക്ക് എസ്.പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്. അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ കണ്ടെത്തി അവയില്‍ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.

Tags:    
News Summary - Joint inspection of police and motor vehicle department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.