ജോൺ പോൾ അന്തരിച്ചു

കൊച്ചി: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം. ഭാര്യ: ഐഷ എലിസബത്ത്. മകൾ: ജിഷ ജിബി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് സെന്‍റ് മേരീസ് സുനോറോ ഏലംകുളം പള്ളിയിൽ.


മലയാള ചലച്ചിത്ര പ്രേമികൾക്ക് ആവേശം നൽകിയ നിരവധി തിരക്കഥകൾ ജോൺ പോളിന്‍റേതായിരുന്നു. തിരക്കഥാകൃത്തുക്കളെ ഇന്നത്തെ രീതിയിൽ തിരിച്ചറിയാതിരുന്ന കാലത്ത് പ്രേക്ഷകൻ കഥാപാത്രത്തിന്‍റെ കരുത്തിലും സവിശേഷതയിലും ആകൃഷ്ടരായി കഥാകൃത്തിനെ തേടിപ്പോയ സന്ദർഭങ്ങൾ ഉണ്ട്. അത്തരം അനുഭവം മലയാളിക്ക് സമ്മാനിച്ചവരിൽ പ്രഥമ സ്ഥാനീയനാണ് ജോൺ പോൾ. മികച്ച പ്രഭാഷകനായ അദ്ദേഹം, നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്.

Full View

നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. യാത്ര, ഒരു യാത്രാമൊഴി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചമയം, കേളി, പുറപ്പാട്, ഇണ, ആലോലം, അതിരാത്രം, ഓർമയ്ക്കായ്, മാളൂട്ടി, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, ഉണ്ണികളെ ഒരു കഥ പറയാം, ഉത്സവപ്പിറ്റേന്ന്, ആരോരുമറിയാതെ തുടങ്ങിയ ചിത്രങ്ങൾ ജോൺ പോളിന്‍റെ രചനയായിരുന്നു. 'പ്രണയമീനുകളുടെ കടൽ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും അവസാനം തിരക്കഥ ഒരുക്കിയത്. 'പ്രണയമീനുകളുടെ കടൽ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും അവസാനം തിരക്കഥ ഒരുക്കിയത്.

സംവിധായകൻ ഭരതന് വേണ്ടിയാണ് കൂടുതൽ തിരക്കഥകൾ എഴുതിയത്. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 'ഒരു ചെറുപുഞ്ചിരി' എന്ന സിനിമയുടെ നിർമാതാവായിരുന്നു. ഈ ചിത്രം സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി.


1950 ഒക്ടോബർ 29നായിരുന്നു ജനനം. പി.വി. പൗലോസും റബേക്കയുമാണ് മാതാപിതാക്കൾ. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദം നേടി. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനും പത്രപ്രവർത്തകനുമായിരുന്നു. ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മാക്ടയുടേ സ്ഥാപക ജനറൽ സെക്രട്ടറിയാണ്.

Full View

പ്രധാന രചനകൾ: എന്‍റെ ഭരതൻ തിരക്കഥകൾ, എം.ടി ഒരു അനുയാത്ര, മധു-ജീവിതവും ദർശനവും, കാലത്തിനു മുമ്പേ നടന്നവർ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ, പ്രതിഷേധം തന്നെ ജീവിതം, സ്വസ്തി, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്‍റെയും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, വസന്തത്തിന്‍റെ സന്ദേശവാഹകൻ, മോഹനം ഒരു കാലം, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, സ്മൃതി ചിത്രങ്ങൾ.


മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, തിരക്കഥക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനയുടെ ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Full View


Tags:    
News Summary - John Paul passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.