തൃശൂർ: കഞ്ചാവ് സൂക്ഷിച്ചതിനും വിൽപ്പന നടത്തിയതിനുമെതിരെ കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുടെ സ്വത്ത് വഹകൾ കണ്ടു കെട്ടാൻ കുന്നംകുളം പൊലീസ് ഉത്തരവിട്ടു. കേച്ചേരി ചിറനെല്ലൂർ മണലി മേലേതലക്കൽ വീട്ടിൽ സുനിൽ ദത്തിന്‍റെ (48) ആസ്തികൾ എൻ.ഡി.പി.എസ് സെക്ഷൻ 68 എഫ് നിയമ പ്രകാരം കണ്ടുകെട്ടുന്നതിന് കുന്നംകുളം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. യു.കെ. ഷാജഹാനാണ് ഉത്തരവിട്ടത്.
കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ സുനിൽ ദത്തിന് സ്ഥിരമായ ജോലിയോ വരുമാനമോ ഇല്ല. എന്നാൽ, ആസ്തികൾ പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി. വരുമാനമില്ലാത്ത പ്രതി നിയമ വിരുദ്ധമായ കഞ്ചാവ് വിറ്റതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് വസ്തു വഹകളും വാഹനവും വാങ്ങി. ഇതെല്ലാം സ്വന്തം പേരിലല്ല. ആസ്തികൾ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയായ സുനിൽ ദത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
ഇയാളുടെ 18,53,000 രൂപ മതിപ്പു വില വരുന്ന വീടും 10,00,000 രൂപ മതിപ്പ് വില വരുന്ന കാറും കണ്ടുകെട്ടുന്നതിനുള്ള ഉത്തരവിട്ട് ചെന്നൈയിലുള്ള അതോറിറ്റിക്ക് നടപടികൾക്കായി അയച്ച് നൽകി. മാരക ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് കേരള പൊലീസ് രൂപീകരിച്ചിട്ടുള്ള ഓപ്പറേഷൻ ഡി - ഹണ്ടിന്‍റ് ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോവിന്‍റെ നിർദേശ പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. 7.900 കിലോ കഞ്ചാവാണ് പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
സുനിൽ ദത്തിനെതിരെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് 1985 ൽ തൃശൂർ എക്സ്നെസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് നർക്കോട്ടിക്ക് സ്ക്വാഡ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പ്രതിയുടെ വീട്ടിൽ നിന്നും 1500 കിലോ കഞ്ചാവും, രണ്ട് കിലോ കഞ്ചാവ് കാറിൽ നിന്നും എക്സൈസ് വകുപ്പ് പിടിച്ചെടുത്തിരുന്നു. വർഷങ്ങളായി പ്രതി ഒറീസ സ്വദേശികളിൽ നിന്നും കഞ്ചാവ് വാങ്ങി കേച്ചേരിയിൽ വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും 500, 1000 രൂപക്ക് വിൽക്കുന്നുണ്ട്.
നിയമ വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ട് മാരക ലഹരി വസ്തുക്കൾ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന പ്രതികളുടെ ആസ്തികൾ കണ്ട്കെട്ടുന്ന നിയമനടപടികൾ തുടരുന്നതിനുള്ള നടപടിക്രമങ്ങൾ കുന്നംകുളം സബ് ഡിവിഷനിൽ ഇനിയും ഉണ്ടാകുമെന്ന് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമീഷണർ സി ആർ.സന്തോഷ് അറിയിച്ചു. സുനിൽ ദത്തിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എൻ.ഡി.പി.എസ് കേസ് അന്വേഷിക്കുന്നതിനും ആസ്തികളെക്കുറിച്ച് അന്വേഷിക്കുന്നതിനും റിപ്പോർട്ടും തയാറാക്കുന്നതിനും എസ്ഐ. സുകുമാരൻ, സി.പി.ഒമാരായ രവികുമാർ, രഞ്ജിത്, അഭീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.