‘വയസ് 30, കേസ് 24: പുറത്ത് ബോംബ് ചീള് പേറുന്ന ഞാൻ ഈ രാഷ്ട്രീയം അവസാനിപ്പിക്കില്ല’ -ആകാശ് തില്ല​ങ്കേരിക്കൊപ്പം കാപ്പ ചുമത്തിയ ജിജോ

കണ്ണൂർ: ‘26 വയസ്സിനുള്ളിൽ 23 കേസുകൾ, 26 വയസ്സിൽ കല്യാണം, കല്യാണത്തിന് ശേഷം ഇപ്പോൾ വിവാദമായ കേസ് അല്ലാതെ മറ്റൊരു കേസ് ആക്കിയിട്ടില്ല. ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഞാൻ ചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു പാർട്ടിക്കാരൻ ചെയ്യാൻ പാടില്ലാത്തത് ആണ് എന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ട് മെമ്പർഷിപ്പ് പുതുക്കാതെ നിന്നു. അല്ലാതെ പാർട്ടി എന്നെ പുറത്താക്കിയതല്ല. ഒരു ചെവിയുടെ കേൾവി നഷ്ടമായ, പുറത്ത് ഇന്നും ബോംബിന്റെ ചീളും പേറി നടക്കുന്ന എനിക്കൊക്കെ ഈ രാഷ്ട്രീയം അവസാനിപ്പിക്കാൻ തോന്നില്ല, മനസ്സിൽ കൊത്തിയിട്ടു പോയ്’ -പറയുന്നത് ഇന്നലെ ആകാശ് തില്ല​ങ്കേരിയോടൊപ്പം കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ച ജിജോ തില്ല​ങ്കേരി.

1000 രൂപ ദിവസക്കൂലിയുള്ള പല ജോലികൾ ചെയ്തിട്ടും മാസത്തിൽ 10 ദിവസത്തോളം കോടതിയിൽ പോകേണ്ടതിനാൽ മാസം പത്തായിരം കടമായിരുന്നുവെന്നും കുടുംബത്തെ നോക്കാനാണ് ‘ചില മേഖലകളിലേക്ക്’ പോയ​തെന്നും ഇയാൾ പറയുന്നു. ഒരിക്കലും അത് ത​ന്റെ മനസ്സിൽ തെറ്റായിരുന്നില്ല എന്നും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ജിജോ തുറന്നു പറഞ്ഞു. ‘ചെത്ത് തൊഴിലും ടൈൽസ് വർക്കും തേപ്പിന്റെ പണിയും കല്ല് വണ്ടിയിലും തുടങ്ങി ഒട്ടുമിക്ക ജോലികളും ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്. ആയിരം രൂപ കൂലിയിൽ പത്ത് ദിവസം കോടതിയിൽ പോക്കും കഴിഞ്ഞ് അത്യാവശ്യ കുടുംബ ലീവും കഴിഞ്ഞാൽ മാസം പത്തായിരം കടമായിരുന്നു. സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണിനെയും കുട്ടിയെയും ഒരു കുറവും വരാതെ നോക്കാൻ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ചില മേഖലകളിലേക്ക് പോയത് ഒരിക്കലും എന്റെ മനസ്സിൽ തെറ്റായിരുന്നില്ല’ -ജിജോ പറയുന്നു.

‘പാർട്ടിയെയും നേതാക്കളെയും രക്തസാക്ഷികളെയും അപമാനിച്ചിട്ടോ കളങ്കപ്പെടുത്തിയിട്ടോ ഇല്ല. പ്രാദേശികമായ വിഷയത്തിൽ ചില സ്ഥാനത്തിരിക്കുന്നവർ അവരുടെ സ്ഥാനത്തിന് യോജിക്കാത്ത പ്രവർത്തി ചെയ്തപ്പോൾ വിമർശിച്ചതും തെറി പറഞ്ഞതും സത്യം തന്നെയാണ്. ഉളുപ്പില്ലാതെ എന്ന് ആയിരം വട്ടം കേൾക്കേണ്ടി വന്നാലും തെരുവിലിട്ട് പരസ്യമായി തള്ളി പറഞ്ഞാലും മനസ്സിലുള്ള ഈ ഇടതുപക്ഷ രാഷ്ട്രീയം മാഞ്ഞു പോകില്ല. ഞങ്ങളുടെ ചില പ്രവർത്തികൾ മാധ്യമങ്ങൾക്ക് കൊത്തിവലിക്കാനും രാഷ്ട്രീയ എതിരാളികൾക്ക് ചട്ടുകമാകാനും കാരണമായതിൽ അങ്ങേയറ്റം പ്രയാസമുണ്ട്. തെറ്റുകൾ തിരുത്തി, വിമർശനങ്ങളെ ഉൾകൊണ്ട് ഇനിയും പാർട്ടിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കും. കാലങ്ങൾ ഒരുപാട് എടുക്കുമെന്ന് അറിയാം എങ്കിലും പാർട്ടിക്ക് ബോധ്യം വരും വരെ കാത്തിരിക്കും. ഈ ഇടതുപക്ഷ ആശയമല്ലാതെ മരണം വരെ മറ്റൊന്നില്ല’ -ജിജോ വ്യക്തമാക്കി.

ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് ഇന്നലെ ഇരുവരെയും മുഴക്കുന്ന് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ നാലുമണിയോടെ രണ്ടുപേരെയും കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. ഇനി ആറു മാസത്തേക്ക് കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ്, തില്ലങ്കേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിനീഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലും മറ്റൊരു വധശ്രമക്കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ 14 ക്രിമിനൽ കേസുകളുണ്ട്. 24 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.

ജിജോ തില്ല​ങ്കേരിയുടെ കുറിപ്പിന്റെ പൂർണരൂപം:

വയസ്സ് 30,

26 വയസ്സിൽ കല്യാണം

26 വയസ്സിനുള്ളിൽ 23 കേസുകൾ,

കല്യാണത്തിന് ശേഷം ഇപ്പോൾ വിവാദമായ കേസ് അല്ലാതെ മറ്റൊരു കേസ് ആക്കിയിട്ടില്ല

സ്വസ്ഥമായി കുടുംബവുമായി കഴിഞ്ഞു പോകുന്നു ,

പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഞാൻ ചെയ്യാൻ തുടങ്ങിയപ്പോൾ , ചെയ്യുന്ന കാര്യങ്ങൾ ഒരു പാർട്ടിക്കാരൻ ചെയ്യാൻ പാടില്ലാത്തത് ആണ് എന്ന ഉത്തമ ബോധ്യം ഉളളതു കൊണ്ട് മെമ്പർഷിപ്പ് പുതുക്കാതെ നിന്നു . അല്ലാതെ പാർട്ടി എന്നെ പുറത്താക്കിയതല്ല -

ചെത്ത് തൊഴിലും . ടൈൽസ് വർക്കും , തേപ്പിന്റെ പണിയും, കല്ല് വണ്ടിയിലും, തുടങ്ങി ഒട്ടുമിക്ക ജോലികളും ചെയ്തിട്ടുണ്ട് , ചെയ്യുന്നുണ്ട്

ആയിരം രൂപ കൂലിയിൽ പത്ത് ദിവസം കോടതിയിൽ പോക്കും കഴിഞ്ഞ് . അത്യാവശ്യ കുടുംബ ലീവും കഴിഞ്ഞാൽ, മാസം പത്തായിരം കടമായിരുന്നു

സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണിനെയും , കുട്ടിയെയും ഒരു കുറവും വരാതെ നോക്കാൻ , അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ചില മേഖലകളിലേക്ക് പോയത് ഒരിക്കലും എന്റെ മനസ്സിൽ തെറ്റായിരുന്നില്ല

ക്വട്ടേഷനും സ്വരണക്കടത്തെന്നും പറയുന്നവരോട് ഒരു കാര്യം പറയാം , ഒരു crime ഉം ഞങ്ങൾ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല

പാർട്ടിയെയും , നേതാക്കളെയും , രക്തസാക്ഷികളെയും അപമാനിച്ചിട്ടോ കളങ്കപ്പെടുത്തിയിട്ടോ ഇല്ല -

പ്രാദേശികമായ വിഷയത്തിൽ ചില സ്ഥാനത്തിരിക്കുന്നവർ അവരുടെ സ്ഥാനത്തിന് യോജിക്കാത്ത പ്രവർത്തി ചെയ്തപ്പോൾ വിമർശിച്ചതും തെറി പറഞ്ഞതും സത്യം തന്നെയാണ്

ഉളുപ്പില്ലാതെ എന്ന് ആയിരം വട്ടം കേൾക്കേണ്ടി വന്നാലും, തെരുവിലിട്ട് പരസ്യമായി തള്ളി പറഞ്ഞാലും - മനസ്സിലുള്ള ഈ ഇടതുപക്ഷ രാഷ്ട്രീയം മാഞ്ഞു പോകില്ല

ഒരു ചെവി കേൾക്കാതെ . പുറത്ത് ഇന്നും ബോംബിന്റെ ചീളും പേറി നടക്കുന്ന എനിക്കൊക്കെ ഈ രാഷ്ട്രീയം അവസാനിപ്പിക്കാൻ തോന്നില്ല , മനസ്സിൽ കൊത്തിയിട്ടു പോയ്

ഞങ്ങളുടെ ചില പ്രവർത്തികൾ മാധ്യമങ്ങൾക്ക് കൊത്തിവലിക്കാനും . രാഷ്ട്രീയ എതിരാളികൾക്ക് ചട്ടുകമാകാനും കാരണമായതിൽ അങ്ങേയറ്റം പ്രയാസമുണ്ട്

പ്രദേശിക നേതാക്കൾക്ക് മുളയിലേ വെള്ളം ഒഴിച്ച് കെടുത്താൻ പറ്റുമായിരുന്നിട്ടും മണ്ണെണ്ണ ഒഴിച്ച നിലപാട് ഞങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചു

തെറ്റുകൾ തിരുത്തി, വിമർശനങ്ങളെ ഉൾകൊണ്ട് ഇനിയും പാർട്ടിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കും

കാലങ്ങൾ ഒരുപാട് എടുക്കുമെന്ന് അറിയാം എങ്കിലും പാർട്ടിക്ക് ബോധ്യം വരും വരെ കാത്തിരിക്കും

ഈ ഇടതുപക്ഷ ആശയമല്ലാതെ മരണം വരെ മറ്റൊന്നില്ല ,

Tags:    
News Summary - jijo thillankery's Age 30, cases 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.