കൊച്ചി: കൂടിയാലോചനകൾക്കുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കേരള ഹൈകോടതിയില്‍ ഉന്നതതല ഐ.ടി സംഘത്തിന് രൂപംനൽകിയതെന്ന് ഹൈകോടതിയിലെ കമ്പ്യൂട്ടറൈസേഷൻ സമിതി ചെയർമാനായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ റിപ്പോര്‍ട്ട്. ഐ.ടി മേഖലയില്‍ സ്ഥിരം കാഡര്‍ സൃഷ്ടിക്കുന്നത് അഭികാമ്യമല്ലെന്ന നിർദേശം അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനൊപ്പം ഐ.ടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും മുന്നോട്ടുവെച്ചു. സെലക്ഷൻ കമ്മിറ്റിയിലേക്ക് രണ്ടുപേരെ ശിപാർശ ചെയ്തത് ശിവശങ്കറാണ്. ശിവശങ്കറിന് ഹൈേകാടതിയിലെ ഐ.ടി ടീം നിയമനത്തിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് ചീഫ് ജസ്റ്റിസിെൻറ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിശദാംശങ്ങൾ. യോഗങ്ങളിൽ പങ്കെടുത്ത് നിർദേശങ്ങൾ സമർപ്പിച്ചതിനപ്പുറം നിയമനങ്ങളുമായി ബന്ധപ്പെട്ട് ശിവശങ്കറിെൻറ ഭാഗത്തുനിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായത് സംബന്ധിച്ച പരാമർശങ്ങൾ റിപ്പോർട്ടിലില്ല.
നിയമനങ്ങളുമായി ബന്ധപ്പെട്ട് തുടക്കംമുതൽ സ്വീകരിച്ച നടപടികളാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. ഹൈകോടതിയിെലയും കീഴ്കോടതികളിെലയും ഐ.ടി അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട ആദ്യ യോഗം ആൻറണി െഡാമിനിക് ചീഫ് ജസ്റ്റിസായിരിക്കെ 2018 ഫെബ്രുവരി 22നാണ് വിളിച്ചത്. സ്ഥിരമായി ഐ.ടി കാഡര്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച അജൻഡയാണ് ചർച്ച ചെയ്തത്. സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സാങ്കേതികവിദ്യയിൽ അടിക്കടി മാറ്റം നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്ഥിരം കാഡര്‍ സൃഷ്ടിക്കുന്നത് അഭികാമ്യമല്ലെന്ന നിർദേശം ശിവശങ്കറടക്കം മുന്നോട്ടുവെച്ചത്. പിന്നീട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 2018 േമയ് ഒമ്പതിന് ചേര്‍ന്ന യോഗത്തിൽ അഞ്ച് ഉന്നത തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇവർക്കുവേണ്ട േയാഗ്യതകള് നിശ്ചയിക്കാൻ ഐ.ടി സെക്രട്ടറിക്ക് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ നിർേദശം നൽകി.
ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതില്‍ നാഷനൽ ഇൻഫർമാറ്റിക് സെൻററിന് ശേഷിയില്ലെന്നതടക്കം വ്യക്തമാക്കി 2018 ആഗസ്റ്റ് 13ന് ഐ.ടി വിഭാഗം അണ്ടര്‍ സെക്രട്ടറി കെ.കെ. വേണുഗോപാല്‍ ഹൈകോടതിക്ക് റിപ്പോർട്ട് നൽകി. പിന്നീട് 2019 ഫെബ്രുവരി 14നാണ് അഞ്ച് തസ്തിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. മാര്‍ച്ച് 12ന് ഹൈകോടതി വിജ്ഞാപനവും പുറപ്പെടുവിച്ചു. മാര്‍ച്ച് 14ന് ചേർന്ന കമ്പ്യൂട്ടറൈസേഷന് സമിതി യോഗത്തില്‍ ശിവശങ്കറും പങ്കെടുത്തു. സെലക്ഷന് സമിതിയില്‍ ശിവശങ്കറിെൻറ നിര്‍ദേശപ്രകാരമാണ് ഐ.ടി പാര്‍ക്ക് സി.ഇ.ഒ ഋഷികേശ് ആര്. നായര്‍, ഇൻറര്‍നാഷനല്‍ സെൻറര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര് (ഐ.സി.എഫ്.ഒ.എസ്.എസ്) ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവരെ ഉള്‍പ്പെടുത്തിയതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.