മൊബൈല്‍, ശീതളപാനീയ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്

തിരുവനന്തപുരം: പ്രമുഖ ശീതളപാനീയ, മൊബൈല്‍ നിര്‍മ്മാണ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാർഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍, കുടുംബാംഗങ്ങളില്‍ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്‍റെ ആരംഭം.

ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്യും. തുടര്‍ന്ന് കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുവാന്‍ ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നു.

തുടക്കത്തില്‍ ലാഭവിഹിതം എന്ന പേരില്‍ ചെറിയ തുകകള്‍ നല്‍കുന്നു. തുടര്‍ന്ന് തട്ടിപ്പുകാര്‍ ഈ ആപ്പ് മുഖാന്തിരം നിക്ഷേപം നടത്തുന്നതിന് പുറമെ കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിലൂടെ ഒരു നിശ്ചിത ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിക്കുന്നു. മണി ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുന്നത്. പരാതിക്കാര്‍ പണം മടക്കി ആവശ്യപ്പെടുമ്പോള്‍ നികുതി കാർഡ്, സെക്യൂരിറ്റി കീ എന്നീ പേരില്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്യും.

ഇത്തരത്തില്‍ അമിത ലാഭം വാഗ്ദാനം നല്‍കിയുള്ള ജോലി വാഗ്ദാനങ്ങളിലോ, ഓണ്‍ലൈന്‍ നിക്ഷേപങ്ങളിലോ പൊതുജനങ്ങള്‍ ഇടപാടുകള്‍ നടത്താതിരിക്കുക. ഇത്തരം തട്ടിപ്പുകള്‍ക്ക് യഥാർഥ കമ്പനിയുമായി യാതൊരുവിധ ബന്ധവും ഇല്ല. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമ പരസ്യങ്ങളും, ലിങ്കുകളും, ആപ്പുകളും പൂര്‍ണമായും അവഗണിക്കണം.

ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ,https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ നൽകണമെന്നും സംസ്ഥാന പൊലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

Tags:    
News Summary - Investor fraud in the name of mobile and soft drink companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.