പോസ്റ്റ് ഓഫിസിന് മുന്നില്‍ സമരം നടത്തുന്ന ബി.എന്‍. സിന്ധു
മരട്: ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് സർക്കാർ ജോലിക്കുള്ള അവസരം നഷ്ടപ്പെട്ട വീട്ടമ്മ പനങ്ങാട് പോസ്റ്റ് ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പനങ്ങാട് വടക്കേടത്ത് വീട്ടില്‍ ബി.എന്‍. സിന്ധുവാണ് ശനിയാഴ്ച ഉച്ചക്ക് കുത്തിയിരിപ്പ് സമരവുമായെത്തിയത്. ആരോഗ്യവകുപ്പില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22ന് എറണാകുളം ഡി.എം.ഒ ഓഫിസില്‍നിന്ന് ഇന്റര്‍വ്യൂ കാര്‍ഡ് അയച്ചിരുന്നു.
രജിസ്റ്റേര്‍ഡായി അയച്ച കാര്‍ഡ് ഇവര്‍ക്ക് ലഭിച്ചില്ലെന്ന് സിന്ധു പറയുന്നു. ജോലിക്കുള്ള അന്വേഷണവുമായി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പോകാറുള്ള സിന്ധു പതിവുപോലെ ചെന്നപ്പോഴാണ് അവസരം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഡി.എം.ഒയെ കണ്ട് വിവരം അറിയിച്ചപ്പോള്‍ ഇന്റര്‍വ്യൂ കഴിഞ്ഞതായും അറിഞ്ഞു. തുടര്‍ന്നാണ് പോസ്റ്റ് ഓഫിസിന് മുന്നിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്.
രജിസ്റ്റേര്‍ഡ് കാര്‍ഡ് തനിക്കു നല്‍കാതെ തിരിച്ചയച്ച പോസ്റ്റ് ഓഫിസ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രിക്ക് പരാതി നല്‍കുമെന്നും കെ. ബാബു എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും സിന്ധു പറഞ്ഞു. പൊലീസെത്തി അനുനയിപ്പിച്ചാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.