മോൻസൺ മാവുങ്കൽ കേസിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം: ഹരജി രണ്ടാഴ്ചത്തേക്ക് മാറ്റി

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

തട്ടിപ്പിന്റെ തെളിവുകൾ നൽകിയിട്ടും ക്രൈംബ്രാഞ്ച് എസ്.പി നടപടിയെടുക്കുന്നില്ലെന്നും ഡി.ഐ.ജി സുരേന്ദ്രൻ, ഐ.ജി ജി. ലക്ഷ്‌മൺ, കെ. സുധാകരൻ എം.പി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ഇക്കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തയാറായില്ലെന്നുമടക്കം ചൂണ്ടിക്കാട്ടി തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം.ടി. ഷെമീർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് പ്രതി തട്ടിപ്പു നടത്തിയതെന്നിരിക്കെ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും മോൻസണിനെതിരെ മാത്രമാണ് കേസെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതല ഏൽപിക്കണമെന്നാണ് ആവശ്യം. പുരാവസ്തു തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതിന് തെളിവില്ലെന്നും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിരിക്കുന്നത്. വിദേശത്തേക്ക് പുരാവസ്തുക്കൾ നൽകിയതിന്‍റെ പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ഹരജിക്കാരനടക്കം അഞ്ചുപേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് മോൻസണിനെതിരായ കേസ്.

Tags:    
News Summary - Inquiry against officials in Monson Mavunkal case: Plea adjourned for two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.