ത്രിപുരയിൽ ബി.ജെപിക്ക് പരാജയത്തിനോടടുത്ത വിജയം, എത്രപേരുടെ ജീവൻ എടുത്താണ് ആഘോഷിക്കുകയെന്നു കണ്ടറിയണം -തോമസ് ഐസക്

തിരുവനന്തപുരം: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയത്തിനോടടുത്ത വിജയമാണ് ബി.ജെപി കൈവരിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. ഇതിനകം 65 സി.പി.എം പ്രവർത്തകരെ ​കൊലപ്പെടുത്തിയ ബി.ജെ.പി ഇത്തവണ എത്രപേരുടെ ജീവൻ എടുത്താണ് വിജയം ആഘോഷിക്കുകയെന്ന് കണ്ടറിയണമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ത്രിപുര ചെറുത്തുനിന്നു​, ഇനിയും ഉറച്ചുനിൽക്കും എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത്. ബിജെപിയുടെ പണക്കൊഴുപ്പും അക്രമങ്ങളും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിന്നുവെന്നുള്ളതാണ് പ്രധാനം. ത്രിപുരയിലെ സഖാക്കളുടെയും ജനങ്ങളുടെയും ത്യാഗം വൃഥാവിലാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത് -തോമസ് ഐസക് അഭിപ്രായ​പ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം:

പരാജയത്തിനോടടുത്ത വിജയം. ഇതാണ് ത്രിപുരയിൽ ബിജെപിക്ക് നേടാൻ കഴിഞ്ഞത്. അവസാന ഫലങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ബിജെപി ചെറിയൊരു ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്നു വ്യക്തമാണ്. പക്ഷേ കഴിഞ്ഞ നിയമസഭയിൽ 44 അംഗങ്ങളുണ്ടായിരുന്ന ബിജെപി സഖ്യത്തിന് ഇപ്പോൾ 34 അംഗങ്ങളേ ഉണ്ടാകൂ. (അവസാന ഫലം വന്നപ്പോൾ ബിജെപി സഖ്യത്തിന് 33 സീറ്റ് ലഭിച്ചു).

എല്ലാത്തരം അടിച്ചമർത്തലുകളെയും ലക്ഷണമൊത്ത ഫാസിസ്റ്റ് രീതികളെയും നിവർന്നുനിന്നു നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനം ഏതാണ്ട് നിലനിർത്തിയത്. 65 സഖാക്കളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ത്രിപുരയിൽ കൊലചെയ്യപ്പെട്ടത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിനുശേഷവും ഒരു സഖാവിനെ കൊലപ്പെടുത്തി. ഇനി എത്രപേരുടെ ജീവൻ എടുത്തിട്ടാണ് ബിജെപി തങ്ങളുടെ വിജയം ആഘോഷിക്കുകയെന്നു കണ്ടറിയണം.

ത്രിപുര ചെറുത്തുനിന്നു, ഇനിയും ഉറച്ചുനിൽക്കും എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത്. എനിക്ക് നേരിട്ടുണ്ടായ അനുഭവം പറയാം.

മൂന്നുമാസം മുമ്പ് ഏതാനും ദിവസം ത്രിപുരയിൽ പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് ചെലവഴിക്കേണ്ടി വന്നു. ത്രിപുരയ്ക്കു പോകുന്ന വഴി ഫ്ലൈറ്റിൽവച്ച് ഏതാനും മലയാളി കന്യാസ്ത്രീമാരെ പരിചയപ്പെട്ടു. അവരുടെ കോൺവെന്റിലേക്കുള്ള ക്ഷണം ഞാൻ സ്വീകരിച്ചു. പക്ഷേ അഗർത്തല ചെന്നപ്പോഴാണ് ഇവരുടെ കോൺവെന്റ് കുറച്ചു ദൂരെയുള്ള ഒരു ആദിവാസി മേഖലയിലാണെന്നു മനസിലാക്കിയത്. ചെല്ലാമെന്നു പറഞ്ഞതല്ലേ അതുകൊണ്ട് പാർട്ടി ഓഫിസിൽ പറഞ്ഞ് അതിരാവിലെ അങ്ങോട്ടു പുറപ്പെട്ടു.

പോകുന്ന വഴിക്ക് ഞാൻ ശ്രദ്ധിച്ചത് ഒരു ചെങ്കൊടിപോലും കാണാനില്ല എന്നതാണ്. പള്ളിയുടെ സ്കൂളിലാണ് ചെന്നത്. സമീപത്തുള്ള ഏതാനും അച്ചന്മാരും ഞാൻ വരുന്നത് അറിഞ്ഞ് എത്തിയിരുന്നു. ഒരുമിച്ചു കാപ്പികുടിച്ചു. കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു. നമ്മുടെ പാർട്ടിയൊന്നും ഇവിടെ ഇല്ലേ? “അങ്ങനെ തെറ്റിദ്ധാരണയൊന്നും വേണ്ട. ഇന്നും ജനങ്ങളിൽ വലിയൊരുവിഭാഗം പാർട്ടിയോടൊപ്പമാണ്. പക്ഷേ പുറത്തിറങ്ങി പ്രവർത്തിക്കാൻ ധൈര്യപ്പെടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പാർട്ടിക്കുവേണ്ടി പരസ്യമായി പ്രവർത്തിച്ചവരുടെയെല്ലാം വീടുകൾ തെരഞ്ഞെടുപ്പിനുശേഷം തല്ലിത്തകർത്തു. അവർക്ക് കാടുകളിലേക്കു പലായനം ചെയ്യേണ്ടിവന്നു. അതിനുശേഷം പരസ്യമായി പ്രവർത്തിക്കാൻ ആരും ധൈര്യപ്പെടില്ല.”

ഒട്ടേറെ ഫോട്ടോകൾ എടുത്തുവെങ്കിലും ഈ സന്ദർശനത്തെക്കുറിച്ച് ഒരു പോസ്റ്റുപോലും എഴുതിയില്ല. ഞാനായിട്ട് എന്റെ ആതിഥേയർക്കു കെടുതികളൊന്നും ഉണ്ടാവരുതല്ലോ. തിരിച്ചുചെന്നപ്പോൾ സ. മണിക് സർക്കാർ കലശലായി ദേഷ്യപ്പെടുകയും ചെയ്തു. നിങ്ങളെ തിരിച്ചറിഞ്ഞെങ്കിൽ ആർക്കും നിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല എന്നാണു സഖാവ് പറഞ്ഞത്.

ഇതായിരുന്നു മൂന്നുമാസം മുമ്പുള്ള സാഹചര്യം. ഇവിടെ നിന്നാണ് ബിജെപിയെ വെല്ലുവിളിക്കാൻ സഖാക്കൾ ഇറങ്ങിയത്. ബിജെപിയുടെ പണക്കൊഴുപ്പും അക്രമങ്ങളും എല്ലാം ഉണ്ടായിട്ടും പിടിച്ചുനിന്നുവെന്നുള്ളതാണ് പ്രധാനം. ത്രിപുരയിലെ സഖാക്കളുടെയും ജനങ്ങളുടെയും ത്യാഗം വൃഥാവിലാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത്.

Tags:    
News Summary - In Tripura, BJP's victory was close to defeat -Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.