സ്വന്തം വീട്ടില്‍ മരിക്കാനൊക്കുമോയെന്ന് ജാനകി

കക്കോടി: ‘‘ഇനി ഞാന്‍ രണ്ട് കൊല്ലം കൂടി ജീവിക്യോ? എനിക്കെന്തിനാ ഇനി പുര? സമാധാനത്തോടെ മരിക്കാന്‍ പറ്റ്വോ? കെടന്ന് നരകിക്കല്യേ ഞാന്‍’’- അഞ്ചു വര്‍ഷം മുമ്പ് ഭവനനിര്‍മാണ ബോര്‍ഡില്‍ പണമടച്ച് വീടിനുവേണ്ടി കാത്തിരിക്കുന്ന 85 വയസ്സുകാരി കൊല്ലങ്കണ്ടി ജാനകിയുടെ പ്രതീക്ഷകളറ്റ വാക്കുകളാണിത്. ചേളന്നൂര്‍ പഞ്ചായത്തിലെ ചിറക്കുഴിയില്‍ രാജീവ്ഗാന്ധി കോളനിക്ക് സമീപം പണിയുന്ന ഫ്ളാറ്റിനുവേണ്ടി അമ്പതിനായിരം രൂപയടച്ച് കാത്തിരിക്കുന്ന വയോധികയുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല. ഭര്‍ത്താവും മകനും മരിച്ച ജാനകി വാര്‍ധക്യത്തിന്‍െറ വേവലാതിയില്‍ മകളോടൊപ്പം 5000 രൂപ പ്രതിമാസം നല്‍കി വേങ്ങേരിയിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. 

പലതവണ ചക്കോരത്തുകുളത്തെ ഭവനനിര്‍മാണ ബോര്‍ഡില്‍ കയറിയിറങ്ങിയിട്ടും ഫലമില്ല. അനാരോഗ്യം മൂലം അന്വേഷിക്കാനുള്ളപോക്കും അവസാനിപ്പിച്ചു. വീടിനുവേണ്ടിയുള്ള ആഗ്രഹംമൂലം അഞ്ചുവര്‍ഷം മുമ്പ് താന്‍ ചെയ്തത് ബുദ്ധിമോശമായിപ്പോയെന്ന് വിലപിക്കുകയാണ് അവര്‍. അന്ന് ആ പണം ബാങ്കിലിട്ടിരുന്നെങ്കില്‍ ഇന്ന് കഞ്ഞിയെങ്കിലും കുടിക്കാമായിരുന്നു.  മകള്‍ പ്രസന്നയുടെ ഭര്‍ത്താവ് നാലുമാസം മുമ്പ് മരിച്ചതോടെ  എല്ലാം തകിടം മറിഞ്ഞു.

66 ഗുണഭോക്താക്കളില്‍നിന്ന് 50,000 രൂപ മുന്‍കൂര്‍ വാങ്ങിയാണ് ഭവനനിര്‍മാണബോര്‍ഡ് ഫ്ളാറ്റിന്‍െറ പണിയാരംഭിച്ചത്. സര്‍ക്കാര്‍ സബ്സിഡിയും ഹഡ്കോ വായ്പ ധനസഹായവും സമന്വയിപ്പിച്ച് സന്നദ്ധ സംഘടനകളുടെയും ഗുണഭോക്താക്കളുടേയും വിഹിതം ഉറപ്പാക്കി പണി പൂര്‍ത്തീകരിക്കുമെന്നാണ് അറിയിച്ചത്. 280 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ളാറ്റാണ് ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്തിരുന്നത്.

മൂന്നുനില ഫ്ളാറ്റിന്‍െറ കെട്ടിടം ഉയര്‍ന്നെങ്കിലും പണി പാതിയിലേറെ അവശേഷിക്കുകയാണെന്ന് ജാനകി പറയുന്നു. ഹഡ്കോ വായ്പ ലഭിക്കാത്തതിനാല്‍ പണി പൂര്‍ത്തീകരിക്കാന്‍ വീണ്ടും രണ്ടു ലക്ഷത്തിന്‍െറ ലോണ്‍ വാങ്ങാന്‍ ഗുണഭോക്താക്കളുമായി ഭവനനിര്‍മാണബോര്‍ഡ് കരാറുണ്ടാക്കിയെങ്കിലും അതും എങ്ങുമത്തെിയിട്ടില്ല. ഇത്രയും രൂപ ലോണ്‍ എടുത്താല്‍ എങ്ങനെ വീട്ടിത്തീര്‍ക്കുമെന്ന് ജാനകിക്കും അറിയില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിത്യവൃത്തിക്കുപോലും വഴിയില്ലാത്തവര്‍ വന്‍തുക വാടക നല്‍കി കഷ്ടപ്പെടാന്‍ കാരണമായത്. വീടിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവധി പറയുകയല്ലാതെ ഒന്നും നടക്കുന്നില്ളെന്നും സ്വന്തം വീട്ടില്‍ കിടന്ന് മരിക്കാമെന്ന മോഹം ഇപ്പോള്‍ ഇല്ളെന്നും  ജാനകി പറയുന്നു.

Tags:    
News Summary - house construction board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.