ഹോസ്റ്റൽ നിയന്ത്രണം: ലിംഗഭേദം പാടില്ലെന്ന ഉത്തരവ് പാലിക്കണമെന്ന് ഹൈകോടതി

കൊച്ചി: ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കാനാണെന്നും ഹോസ്റ്റൽ ഹോട്ടലല്ലെന്നും ആരോഗ്യ സർവകലാശാല ഹൈകോടതിയിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ രാത്രി 9.30ന് ശേഷം പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി ചോദ്യം ചെയ്യുന്ന ഹരജിയിലാണ് വിശദീകരണം.

അതേസമയം, സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ആൺ-പെൺ ഭേദമില്ലാതെ വിദ്യാർഥികൾക്ക് രാത്രി 9.30ന് ശേഷവും പ്രവേശിക്കാമെന്ന് വ്യക്തമാക്കി സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് എല്ലാ മെഡിക്കൽ കോളജുകളും പാലിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

രാത്രി ജീവിതം വിദ്യാർഥികൾക്കുള്ളതല്ലെന്നും ആരോഗ്യ സർവകലാശാല വിശദീകരണത്തിൽ പറഞ്ഞു. വീട്ടിൽപോലും കിട്ടാത്ത സ്വാതന്ത്ര്യം വേണമെന്ന കൗമാരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ല. 18 വയസ്സായി എന്നതുകൊണ്ട് മാത്രം മാനസികമായി പൂർണ വളർച്ചയെത്തുന്നില്ല. അതിന് 25 വയസ്സാകണമെന്നാണ് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളത്. വിദ്യാർഥികളാണെന്നതിനാൽ അവർ ആവശ്യത്തിന് ഉറങ്ങണമെന്നും സർവകലാശാല വ്യക്തമാക്കി.

എൻജിനീയറിങ് കോളജ് പോലെയല്ല, ഒട്ടേറെ പേർ എത്തുന്ന മെഡിക്കൽ കോളജുകൾ. നിയന്ത്രണങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ താൽപര്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ഹരജി. ഹരജിക്കാർ വിദ്യാർഥികളുടെയാകെ പ്രതിനിധികളല്ല.- സർവകലാശാല തുടർന്നു.

ആൺ-പെൺ ഭേദമില്ലാത്ത പുതിയ ഉത്തരവ് സ്വാഗതാർഹമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അടിയന്തര ആവശ്യമുണ്ടെങ്കിൽ രാത്രി 9.30ന് ശേഷവും വാർഡന്റെ അനുമതിയോടെ പുറത്ത് പോകാൻ അനുവദിക്കുന്നുണ്ടെന്ന് സർവകലാശാല അറിയിച്ചു. കയറുന്ന കാര്യത്തിലെ ഇളവ് പുറത്തുപോകുന്നതിലും വേണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രധാന റീഡിങ് റൂം 11 വരെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഹരജിക്കാർ ഉന്നയിച്ചു. സമയം ദീർഘിപ്പിക്കണമെങ്കിൽ കൂടുതൽ ജീവനക്കാർ വേണ്ടിവരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Hostel control: High Court to follow no gender order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.