കൊച്ചികപ്പല്‍ശാല, എച്ച്.ഒ.സി.എല്‍ കേന്ദ്രനിലപാടിനെതിരെ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ ഓഹരി വിറ്റഴിക്കാനും ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ് (എച്ച്.ഒ.സി.എല്‍) അടച്ചുപൂട്ടാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ആയിരക്കണക്കിന് തൊഴിലാളികളുടെ ചോരയും നീരും കൊണ്ട് പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതില്‍നിന്ന് പിന്തിരിയാന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനും സഭ തീരുമാനിച്ചു.  കേന്ദ്രസര്‍ക്കാറിന്‍െറ തെറ്റായ സ്വകാര്യ, ആഗോളീകരണ നയങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. തൊഴില്‍സമരങ്ങളും തൊഴില്‍ദിനങ്ങളുടെ കുറവുമാണ് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെന്നാണ് പൊതുവേ പറയാറുള്ളത്. പക്ഷേ, കേരളത്തില്‍ ഇതൊന്നുമല്ല പ്രശ്നം. കേന്ദ്രസര്‍ക്കാറിന് സ്ഥാപനങ്ങളെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനോട് താല്‍പര്യമില്ല. കേരളത്തിന്‍െറ ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനാണ് തുനിയുന്നത്.

ഇതിനെ ശക്തിയുക്തം എതിര്‍ക്കും. രാജ്യത്തിന്‍െറതന്നെ അഭിമാനമായ കൊച്ചി കപ്പല്‍നിര്‍മാണശാല ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും 25ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യങ്ങളാണ്.  എച്ച്.ഒ.സി.എല്‍ കേരള യൂനിറ്റ് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യന്‍ യൂനിറ്റുകളുടെ ബാധ്യത കേരള യൂനിറ്റിനുമേല്‍ അടിച്ചേല്‍പ്പിച്ച് അതിനെ പൂട്ടിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഫ്.എ.സി.ടി, ഹിന്ദുസ്ഥാന്‍ ലാറ്റക്സ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്, എച്ച്.എം.ടി തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം ഇത്തരത്തില്‍ നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിനെതിരെ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Tags:    
News Summary - HOCL,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.