പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഛിദ്രശക്തികളുടെ ഇടപെടൽ തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ആദ്യം പ്രതികരിക്കാതിരുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.അസഹിഷ്ണുതയുടെ സംഭവം ഉണ്ടായത് കേരളത്തിന് തന്നെ അപമാനകരമായി. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾ കേരളത്തിൽ വിജയിക്കുന്നത് മോശമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം നിരീക്ഷിച്ച് മറുപടിയെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്.
പള്ളുരുത്തി സ്കൂളിൽ സംഭവിച്ചതും അധ്യാപികയുടെ വാർത്തസമ്മേളനവുമടക്കം സകലതും അസഹിഷ്ണുതയുടെ ഉദാഹരണങ്ങളാണ്. കോൺഗ്രസ് അവിടെ പോയി പ്രശ്നം പരിഹരിക്കാൻ നോക്കി, എന്നാൽ പരിഹരിച്ചില്ല. പ്രശ്നം പരിഹരിക്കാൻ നോക്കിയത് കുറ്റമായി കാണാൻ പറ്റില്ലല്ലോ. ഇടതുപക്ഷം ഭരിക്കുമ്പോ കുട്ടിക്ക് പഠിപ്പ് നിർത്തേണ്ടിവന്നു. ചില ശക്തികളാണ് രംഗം വഷളാക്കുവാൻ ശ്രമിക്കുന്നതെന്നും സ്കൂൾ മാനേജ്മെന്റിന്റെ പുറകിലുള്ളതെന്നും വിവരമുള്ളതുകൊണ്ടാണ് സമയമെടുത്ത് പ്രതികരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതൊക്കെ ഒരു കൊടുക്കൽ വാങ്ങൽ രീതിയിൽ നടക്കേണ്ടതാണ്. ഒരു യൂണിഫോമുണ്ടെങ്കിൽ അതിന് അനുസരിച്ച് ഒരു ചെറിയ തലപ്പാവ് അണിഞ്ഞാൽ എന്തു പറ്റാനാണ്. പറയുന്ന അധ്യാപിക തന്നെ മുഴുവൻ തലപ്പാവ് അണിഞ്ഞിട്ടാണല്ലോ പറയുന്നത്. അതെങ്കിലും ഓർക്കണ്ടേ.
ശിവൻകുട്ടി വ്യക്തിപരമായി ഒരു സ്റ്റാൻഡ് എടുത്തു. അദ്ദേഹം നല്ല പ്രസ്താവന കൊടുത്തു. ആത്യന്തികമായി നോക്കിയാൽ, കേരളത്തിൽ കുട്ടിയുടെ പഠിപ്പ് നിർത്തേണ്ടി വന്നു. അതിന്റെ ഉത്തരവാദിത്വം സർക്കാരിനുണ്ട്. കുട്ടി ഇനി വേറെ സ്കൂൾ നോക്കണം. ഇടതുപക്ഷം ഭരിക്കുമ്പോൾ കുട്ടിക്ക് പഠിപ്പ് നിർത്തേണ്ടി വന്നു എന്നതാണ് വസ്തുത.
മുസ്‍ലിം കൃസ്ത്യൻ ഹിന്ദു എന്ന് പറയണ്ട. വിഷയത്തിൽ കോടതി പറഞ്ഞത് കൃത്യമാണ്. കുട്ടികളെ കുട്ടികളായി കാണണം. പരിതാപകരമായ അവസ്ഥ വരുമ്പോ ഇടപെടും. പക്ഷേ, ആദ്യംതന്നെ കേറി അഭിപ്രായം പറയാതിരുന്നത് അവിടെ ചില ഛിദ്രശക്തികൾ പ്രശ്നം ഊതി വീർപ്പിക്കാൻ നോക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയിട്ടാണ്. രംഗം വഷളാക്കാൻ വേണ്ടി എരിതീയിൽ എണ്ണയൊഴിക്കാൻ ഞങ്ങളുണ്ടാകില്ല.
നിയമം പറയുമ്പോൾ ഭരണഘടനയാണോ ബൈലോ എന്ന ചോദ്യം വരും. ഇതെല്ലാം പരസ്പരം വിട്ടുവീഴ്ച ചെയ്ത് മുന്നോട്ടുപോവേണ്ട കാര്യമാണ്. ഒരു വർഗീയ സാഹചര്യം കരുതിക്കൂട്ടി ഉണ്ടാക്കാൻ നോക്കുന്നവരാണ് ഇതിന് പിറകിൽ. കോൺഗ്രസിനെ ഒറ്റപ്പെടുത്താൻ വേണ്ടി വർഗീയത പ്രശ്നം ഊതിവീർപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
പ്രധാന രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തി ചില ശക്തികൾ, അവരാണ് സ്കൂൾ മാനേജ്മെന്റിന്റെ പിറകിലുള്ളവർ. ലീഗിനെപ്പോലുള്ള പാർട്ടികൾ അതുകൊണ്ടാണ് സംയമനം പാലിച്ച് നീരീക്ഷിച്ചത്. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾ കേരളത്തിൽ വിജയിക്കാറില്ല, എന്നാൽ ഇത് മോശമാണ്.
ഛത്തീസ്ഗഢിലും മറ്റു സ്ഥലങ്ങളിലേയും കാര്യങ്ങൾ പറയുമ്പോൾ കേരളത്തിൽ തന്നെ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് അപമാനകരമാണ്. ഇന്ന് ഒരു വിഭാഗം തുടങ്ങിയാൽ നാളെ മറ്റൊരു വിഭാഗം തുടങ്ങും. ഇതൊക്കെ ഒരു ഗിവ് ആൻഡ് ടേക്ക് ആയി പോകുന്ന കാര്യങ്ങളാണ്. അതുകൊണ്ട് പള്ളുരുത്തി സ്കൂളിൽ സംഭവിച്ചത് അനഭിലഷണീയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.