കൊച്ചി: കോവാക്സിന് അംഗീകാരമില്ലാത്തതിനാൽ സൗദിയിലേക്ക് പോകാനാവാത്ത സാഹചര്യത്തിൽ മൂന്നാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിശദീകരണം നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഈ മാസം 30ന് മടങ്ങാനിരിക്കെയാണ് സൗദിയിൽ കോവാക്സിന് അംഗീകാരമില്ലെന്ന് അറിഞ്ഞതെന്നും കോവിഷീൽഡ് ഒരു ഡോസ്കൂടി നൽകാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് പ്രവാസി കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിെൻറ നിർദേശം.
കോവിഡ് രണ്ടാം തരംഗത്തിെൻറ തുടക്കത്തിൽ നാട്ടിലെത്തിയ ഹരജിക്കാരൻ കോവാക്സിൻ രണ്ട് ഡോസും എടുത്തിരുന്നു. അംഗീകാരമില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ എടുക്കുമായിരുന്നില്ലെന്നും ഇപ്പോൾ സ്വന്തം ഉത്തരവാദിത്തത്തിൽ കോവിഷീൽഡ് എടുക്കാൻ തയാറാണെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ, മൂന്നാം ഡോസ് നൽകാൻ ക്ലിനിക്കൽ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഹരജിക്കാരെൻറ ആവശ്യം അനുവദിച്ചാൽ സമാന ആവശ്യവുമായി ഒട്ടേറെപേർ മുന്നോട്ടുവരുമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
ആദ്യ ഡോസ്പോലും കിട്ടാത്തവർ ഇവിടെയുണ്ട്. ഈ സാഹചര്യത്തിൽ മൂന്നാം ഡോസ് എന്ന ആവശ്യം അനുവദിക്കാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാന സർക്കാറും ഇതേ നിലപാട് ആവർത്തിച്ചു. ഹരജിക്കാരെൻറ ജോലി നഷ്ടമാവട്ടെ എന്നാണോ പറയുന്നതെന്ന് ആരാഞ്ഞ കോടതി, കുട്ടികളുടെ ഫീസും വായ്പ തിരിച്ചടവും ഒക്കെ ശമ്പളത്തിൽനിന്ന് കൊടുക്കേണ്ടതല്ലേയെന്ന് സർക്കാറുകളോട് ചോദിച്ചു. തുടർന്ന് ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.