അൻവറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ വിവാദം: സർക്കാർ എന്തുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ഹൈകോടതി

കൊച്ചി: നിലമ്പൂർ മുൻ എം.എൽ.എ പി.വി അൻവറിനെതിരായ ഫോൺ ചോർത്തൽ ആരോപണത്തിലെ അന്വേഷണം സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് അവസാനിപ്പിച്ചതെന്ന് ഹൈകോടതി. തെളിവുകൾ ലഭിച്ചില്ലെന്ന സർക്കാരിന്‍റെ മറുപടിയിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തെളിവുകൾ സർക്കാരല്ലേ കണ്ടെത്തേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അന്‍വറിനെതിരെ സ്വകാര്യ വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. അന്‍വര്‍ ഒരു സമാന്തര ഭരണമായി പ്രവര്‍ത്തിക്കുകയാണോ എന്നും കോടതി ചോദിച്ചു.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയെന്ന് ജനപ്രതിനിധിയായിരുന്ന ഒരാൾ വാർത്താസമ്മേളനം നടത്തി പറയുന്നു. സമാന്തര ഭരണസംവിധാനമാകാൻ ആരെയും അനുവദിച്ചുകൂടെന്നും കോടതി പരാ‍മർശിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോൺ ചോർത്തിയെന്ന പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജിയാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്.

ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അൻവറിനെതിരായ ആരോപണത്തിൽ മലപ്പുറം ഡിവൈ.എസ്.പി പ്രാഥമികാന്വേഷണം നടത്തിയെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു.

കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

Tags:    
News Summary - Phone tapping controversy: High Court asks why government closed investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.