ജനുവരി മധ്യത്തോടെ ചൂട് കനക്കാന്‍ സാധ്യത

തൃശൂര്‍: ഇക്കുറി പകല്‍ ചൂട് കുതിച്ചുയരുമെന്ന് കാലാവസ്ഥാ വകുപ്പ്. മാര്‍ച്ച്, എപ്രില്‍, മേയ് മാസങ്ങളില്‍ ശക്തിയാകാറുള്ള ചൂട്  ഇത്തവണ ജനുവരി മധ്യത്തോടെതന്നെ കനക്കുമെന്നാണ് നിഗമനം. ജനുവരിയില്‍ത്തന്നെ രാത്രികാല ചൂടും ഉയരാനിടയുണ്ട്. സെപ്റ്റംബറിലെ മഴക്കുറവും ഒക്ടോബറിലും നവംബറിലും മഴ ലഭിക്കാത്തതുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ശക്തമായ മഴ ലഭിച്ചാലേ ചൂട് കുറയൂ. എന്നാല്‍, ഡിസംബറില്‍ ശക്തമായ മഴ ലഭിക്കുക അപൂര്‍വവുമാണ്.

അതേസമയം, കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടാകുന്ന പ്രതിഭാസങ്ങളാല്‍ കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശനിയാഴ്ച തെക്കന്‍, മധ്യ കേരളത്തില്‍ മഴ ലഭിക്കാന്‍ ഇടയാക്കിയത്. ഈ ന്യൂനമര്‍ദം ഇപ്പോഴും ഉണ്ടെങ്കിലും ശക്തമല്ലാത്തതിനാല്‍ മഴയായി പരിണമിക്കാന്‍ അധിക സാധ്യതയില്ല. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ന്യൂനമര്‍ദം ശക്തമായി മഴ ലഭിക്കേണ്ടിയിരുന്നത്. കാലാവസ്ഥാ വ്യതിയാനംമൂലം ഇത് ഡിസംബറിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ളെന്ന് കാലാവസ്ഥാ വിദഗ്ധന്‍ ഡോ. സി.എസ്. ഗോപകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ 27 ഡിഗ്രി സെല്‍ഷ്യസ് ഉണ്ടായിരുന്ന ചൂട് പെട്ടെന്ന് 34ലേക്ക് ഉയര്‍ന്നതും ചൂട് നേരത്തേ എത്തുന്നതിന്‍െറ സൂചനയായി വിലയിരുത്തുന്നുണ്ട്.

സംസ്ഥാനത്തെ അണക്കെട്ടുകള്‍ വറ്റിവരളുകയാണ്. ഉപരിതല ജല സ്രോതസ്സുകളുടെ കാര്യവും തഥൈവ. കൃഷിയും അതിനപ്പുറം ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ വെള്ളം ഇല്ലാതാകുന്നത് വൈദ്യുതികമ്മിക്കും ഇടയാക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വേനല്‍മഴക്കുള്ള സാധ്യതയും കുറവാണ്. സാധാരണ മാര്‍ച്ച് പകുതിയോടെ ലഭിക്കുന്ന വേനല്‍മഴ കഴിഞ്ഞവര്‍ഷം ഏറെ വൈകി മേയിലാണ് ലഭിച്ചത്. അതുകൊണ്ട് ജനുവരിയില്‍ത്തന്നെ വരള്‍ച്ച പിടിമുറുക്കും.  വൈദ്യുതി, കൃഷി അടക്കം ജനജീവിതത്തെ ബാധിക്കുകയും ചെയ്യും.
രാജ്യത്തിന്‍െറ വടക്കുകിഴക്കന്‍ മേഖലകള്‍ ഒഴികെ മറ്റുഭാഗങ്ങളിലെല്ലാം മണ്‍സൂണ്‍മഴ ശരാശരി ലഭിച്ചിരുന്നു. ദേശീയതലത്തില്‍ മൂന്നു ശതമാനത്തിന്‍െറ കുറവുമാത്രമാണ് ഇക്കുറി ഉണ്ടായത്. മണ്‍സൂണ്‍ മഴ സന്ദര്‍ഭോചിതമായി പെയ്തതിനാല്‍ ദേശീയ ഭക്ഷ്യോല്‍പാദനം ഇക്കുറി റെക്കോഡ് കടക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കേരളത്തിന്‍െറ മഴക്കമ്മിയില്‍ ആശങ്കയിലാണ് ശാസ്ത്രലോകം. വികലമായ വികസനമാണ് കേരളത്തില്‍ ഇത്തരമൊരു സാഹചര്യം ഒരുക്കുന്നതെന്ന വിലയിരുത്തലിനപ്പുറം ഇക്കാര്യം കാലാവസ്ഥാ വിഭാഗം കൃത്യമായി പഠിക്കുകയാണ്.

 

Tags:    
News Summary - Heat climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.