കൊണ്ടോട്ടി: ഇടത്തരം വലിയ വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങുന്നതിന് തടസ്സമില്ലെന്ന് എയർപോർട്ട് അതോറിറ്റി വിശദമായ പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇൗ വർഷവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് സർവിസിന് അനുമതിയില്ല. തുടർച്ചയായി നാലാം വർഷവും കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരെ കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചിരിക്കുന്നത് നെടുമ്പാശ്ശേരിയിൽ നിന്നാണ്.
2002 മുതൽ ഹജ്ജ് എംബാർക്കേഷൻ പോയൻറായ കരിപ്പൂരിനെ അവഗണിച്ചാണ് ഇത്തവണയും നെടുമ്പാശ്ശേരിയിൽ നിന്ന് ഹജ്ജ് സർവിസ് നടത്തുന്നതിന് മന്ത്രാലയം വെള്ളിയാഴ്ച ടെൻഡർ ക്ഷണിച്ചത്. കോഡ് ഇ ഗണത്തിൽപ്പെടുന്ന ഇടത്തരം വലിയ വിമാനങ്ങളുടെ സർവിസിന് കരിപ്പൂരിലെ റൺവേ അനുയോജ്യമാണെന്ന എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ, വിമാന കമ്പനികൾ, ഗ്രൗണ്ട് ഹാൻറ്ലിങ് എന്നിവരുെട വിശദമായ പഠന റിപ്പോർട്ട് ജനുവരി ആദ്യവാരത്തിലാണ് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചത്. കർശനമായ പരിശോധനകൾക്ക് ശേഷം ഇൗ റിപ്പോർട്ടിന് ഒരാഴ്ച മുമ്പ് അതോറിറ്റി അംഗീകാരം നൽകുകയും അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) സമർപ്പിക്കുകയും ചെയ്തിരുന്നു.
മാർച്ച് 25ന് നിലവിൽ വരുന്ന വേനൽക്കാല സമയക്രമത്തിൽ കരിപ്പൂരിൽ നിന്ന് നിർത്തലാക്കിയ സർവിസുകൾ പുനരാരംഭിക്കാനിരിക്കെയാണ് ഇക്കുറിയും കരിപ്പൂരിനെ ഒഴിവാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. റൺവേ നവീകരണത്തിെൻറ പേരിൽ 2015 മുതലാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവിസ് താൽക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. എന്നാൽ, പ്രവൃത്തി പൂർത്തിയായി കഴിഞ്ഞ വർഷം മാർച്ച് ഒന്നു മുതൽ കരിപ്പൂരിൽ റൺവേ മുഴുവൻ സമയം പ്രവർത്തനം ആരംഭിച്ചിരുന്നു. ഇൗ വർഷം എംബാർക്കേഷൻ പോയൻറിെൻറ എണ്ണം 21ൽ നിന്ന് 20 ആയും കുറച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം വരെയുണ്ടായിരുന്ന ഇൻഡോറിനെ ഒഴിവാക്കി രാജ്യത്തെ 20 വിമാനത്താവളങ്ങളിൽ നിന്നുള്ള ഹജ്ജ് സർവിസിനാണ് ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാനകമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇൻഡോറിൽ നിന്നുള്ളവർക്ക് ഇത്തവണ മുംബൈ വഴിയാണ് യാത്ര. കേന്ദ്ര ഹജജ് കമ്മിറ്റി മുഖേനയുള്ള 1,25,025 തീർഥാടകരെ സൗദിയിലേക്കും തിരിച്ചും എത്തിക്കുന്നതിനാണ് ടെൻഡർ. ഫെബ്രുവരി 21 വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. കൊച്ചിയിൽ നിന്ന് 450 പേർക്ക് യാത്ര ചെയ്യാവുന്ന ബി- 747, 350 പേർക്ക് യാത്ര ചെയ്യാവുന്ന ബി 777-300 ഇ.ആർ തുടങ്ങിയ വിമാനം ഉപയോഗിച്ച് സർവിസ് നടത്തുന്നതിനാണ് ടെൻഡർ.
കഴിഞ്ഞ വർഷം ബി 747 ഉപയോഗിച്ച് സർവിസ് നടത്തുന്നതിനായിരുന്നു ടെൻഡർ ക്ഷണിച്ചതെങ്കിലും 300 പേർക്ക് സഞ്ചരിക്കാവുന്ന എ 330 ഉപയോഗിച്ചായിരുന്നു സൗദി എയർലൈൻസ് സർവിസ് നടത്തിയത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നായി 11,700 തീർഥാടകരെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം പരമാവധി നാല് സർവിസുകൾ മാത്രമേ നടത്താൻ പാടുള്ളൂ.
കരിപ്പൂരിൽനിന്ന് നടത്താമെന്ന് അതോറിറ്റിയും വിമാന കമ്പനികളും; പരിഗണിക്കാതെ വ്യോമയാന മന്ത്രാലയം
ഇൗ വർഷത്തെ ഹജ്ജ് സർവിസ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് നടത്തുന്നതിന് തടസ്സമില്ലെന്ന് എയർപോർട്ട് അേതാറിറ്റിയും വിമാന കമ്പനികളും അറിയിച്ചിട്ടും നിലപാട് മാറ്റാതെ വ്യോമയാന മന്ത്രാലയം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് കരിപ്പൂരിൽനിന്ന് 300 പേർക്ക് സഞ്ചരിക്കാവുന്ന എ-330 ഉപയോഗിച്ച് സർവിസ് നടത്താമെന്ന നിരാക്ഷേപ പത്രം (എൻ.ഒ.സി) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്.
അതോറിറ്റി എൻ.ഒ.സി നൽകിയാൽ കരിപ്പൂരിനെ പരിഗണിക്കാമെന്ന് നേരത്തേ വ്യോമയാന മന്ത്രാലയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനെ അറിയിച്ചിരുന്നു. ഹജ്ജ് സർവിസ് നടത്തുന്ന എയർ ഇന്ത്യ, സൗദി എയർലൈൻസ്, ജെറ്റ് എയർവേസ് തുടങ്ങിയ കമ്പനികൾ കരിപ്പൂരിൽനിന്ന് സർവിസ് നടത്താമെന്ന് അറിയിച്ചിരുന്നു.
എയർപോർട്ട് അതോറിറ്റി ഇടത്തരം, വലിയ വിമാനങ്ങളുടെ സർവിസിന് അനുകൂല റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഹജ്ജ് സർവിസ് കരിപ്പൂരിൽ നിന്നാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിന് ഡി.ജി.സി.എയുെട നിർദേശപ്രകാരം റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കുന്ന പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ കഴിഞ്ഞ മൂന്ന് വർഷവും ഹജ്ജ് ക്യാമ്പ് നടത്തിയ സ്ഥലം ഇത്തവണ ലഭ്യമല്ലെന്ന വിവരവും കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
പ്രവാസികളുടെ പാസ്പോർട്ടിൽ സമയപരിധി നീട്ടാനാകില്ലെന്ന് ഹജ്ജ് കമ്മിറ്റി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം ഹജ്ജിന് അവസരം ലഭിച്ച പ്രവാസികൾക്ക് ഒറിജിനൽ പാസ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാനാകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഏപ്രിൽ 15നകം പാസ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ അഞ്ച് വരെ സമയം നൽകിയിരുന്നു. ആഗസ്റ്റ് 22നാകും ഇത്തവണത്തെ ഹജ്ജ് കർമം. അതിനാൽ, പ്രവാസികൾക്ക് നേരത്തെ നാട്ടിെലത്തി പാസ്പോർട്ട് സമർപ്പിക്കുന്നത് പ്രയാസകരമാകുെമന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പരാതികൾ ലഭിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് നീട്ടാനാകില്ലെന്ന് അറിയിച്ച് ഉത്തരവിറക്കിയത്.
ഇൗ വർഷം മുതൽ ശഅ്ബാൻ മാസം (ഇത്തവണ മേയ് 15നാണ് ശഅ്ബാൻ അവസാനിക്കുക) അവസാനിക്കുന്നതിന് മുമ്പ് മുഴുവൻ യാത്രികരുടെയും വിവരങ്ങൾ ഡാറ്റ എൻട്രി പൂർത്തിയാക്കി കൈമാറണമെന്ന് സൗദി ഹജ്ജ്കാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ മേയ് 15നകം മുഴുവൻ തീർഥാടകരുടെയും വിവരങ്ങൾ കൈമാറണം. സൗദി മന്ത്രാലയം തീയതിയിൽ ഇളവ് അനുവദിച്ചാലേ പ്രവാസികൾ പാസ്പോർട്ട് സമർപ്പിക്കുന്നതിെൻറ സമയപരിധി നീട്ടാൻ സാധിക്കൂ. ഇളവ് ലഭിച്ചാൽ അത് പ്രവാസികൾക്ക് മാത്രമേ ബാധകമായിരിക്കൂവെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 29ന്
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൈല 29ന്. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സർവിസ് നടക്കുക. ജുൂൈല 29 മുതൽ ആഗസ്റ്റ് വരെയുള്ള രണ്ടാംഘട്ടത്തിലാണ് കേരളം. വ്യോമയാന മന്ത്രാലയത്തിെൻറ െടൻഡർ പ്രകാരം ജൂലൈ 14നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. സെപ്റ്റംബർ അഞ്ച് മുതൽ 25 വരെയാണ് കേരളത്തിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.