തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ ചോദ്യപേപ്പർ സൂക്ഷിക്കാൻ രാത്രികാല സുരക്ഷ ഡ്യൂട്ടിക്ക് അഞ്ച് വിഭാഗത്തിൽ നിന്നുള്ള അനധ്യാപക ജീവനക്കാരുടെ അഭാവത്തിൽ മാത്രം ലാബ് അസിസ്റ്റന്റുമാരുടെ സേവനം ഉപയോഗപ്പെടുത്താൻ സർക്കാർ ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓഫിസ് അറ്റൻഡന്റുമാരെയും വാച്ച്മാൻമാരെയുമാണ് ആദ്യം പരിഗണിക്കുക. ഇവരെ തികയാതെ വരുന്ന പക്ഷം വകുപ്പിലെ ഫുൾ ടൈം മീനിയൽ (എഫ്.ടി.എം), പാർട് ടൈം കണ്ടിജന്റ് മീനിയൽ (പി.ടി.സി.എം) എന്നിവരെ നിയോഗിക്കണം.
ഈ വിഭാഗങ്ങളിൽ നിന്നുള്ളവരെ ആവശ്യത്തിന് രാത്രികാല സുരക്ഷ ഡ്യൂട്ടിക്ക് ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ ക്ലർക്ക് ഉൾപ്പെടെ പരീക്ഷ ഡ്യൂട്ടികൾക്ക് നിയോഗിക്കാത്ത മറ്റ് മിനിസ്റ്റീരിയിൽ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഈ വിഭാഗങ്ങളിൽ നിന്നും ആവശ്യമായ ജീവനക്കാരെ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കിൽ ഹയർ സെക്കൻഡറിയിലെ അനധ്യാപക വിഭാഗം ജീവനക്കാരായ ലാബ് അസിസ്റ്റന്റുമാരുടെ സേവനം വിനിയോഗിക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ചോദ്യപേപ്പർ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാർക്ക് ഒരു ഡി.എക്ക് അർഹതയുണ്ടാകും.
വനിത ജീവനക്കാരെ അവരുടെ സമ്മതപത്രത്തോടെ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ. നേരത്തെ ഓഫിസ് അറ്റൻഡന്റുമാരോടൊപ്പം ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റുമാരെ രാത്രി സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദ് ചെയ്തിരുന്നു. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലെയും മിനിസ്റ്റീരിയൽ, ക്ലാസ് ഫോർ ജീവനക്കാരുടെയും ജോലിഭാരം വിലയിരുത്തി, ഇവർ അധിക ജോലി ഭാരം അനുഭവിക്കുന്നവരാണെന്ന് കണ്ടാൽ മാത്രം ലാബ് അസിസ്റ്റന്റുമാരെ പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കാനുമായിരുന്നു കോടതി ഉത്തരവ്. ഇതേ തുടർന്ന് ജോലിഭാരം സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.