തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, രാജ്ഭവൻ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിനുമുന്നിൽ കൈകൂപ്പിയും പൂക്കളർപ്പിച്ചും ഗവർണർ രാജേന്ദ്ര ആർലേക്കർ. സർക്കാറിന്‍റെ ഔദ്യോഗിക പരിപാടികളിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കാൻ രാജ്ഭവൻ തീരുമാനിച്ചിരുന്നു. എന്നാൽ, രാജ്ഭവൻ സ്വന്തം നിലക്ക് സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്നും ഗവർണർ നിലപാടെടുത്തിട്ടുണ്ട്. ഇതനുസരിച്ചാണ് കേന്ദ്ര സർക്കാറിന്‍റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ ഡോ.വി. അനന്തനാഗേശ്വരനെ പങ്കെടുപ്പിച്ച് രാജ്ഭവൻ സംഘടിപ്പിച്ച പ്രഭാഷണത്തിൽ വേദിയിലെ ഭാരതാംബ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടന്നത്. ആർ.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടിയുള്ള ഭാരതാംബയുടെ ഈ ചിത്രമാണ് രാജ്ഭവനിൽ കൃഷിവകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ വിവാദത്തിന് തുടക്കമിട്ടത്.
ആർ.എസ്.എസ് ഉപയോഗിക്കുന്ന ഹിന്ദുത്വയുടെ പ്രതീകമായ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയടക്കമുള്ള പരിപാടികൾ ഒഴിവാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം. ചടങ്ങിനുമുമ്പ് ഗവർണറുടെ സെക്രട്ടറിയോട് കൃഷിമന്ത്രി പി. പ്രസാദ് വിയോജിപ്പറിയിച്ചെങ്കിലും വഴങ്ങിയില്ല. രാജ്ഭവൻ കാര്യങ്ങളിൽ അന്തിമ തീരുമാനം ഗവർണറുടേതാണെന്നായിരുന്നു വിശദീകരണം. തുടർന്ന്, മന്ത്രി പ്രസാദ് കൃഷി വകുപ്പിന്റെ പരിപാടി സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയും ഗവർണറുടെ നടപടിക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ചിത്രത്തിനെതിരെ ഉയരുന്ന വിമർശം അവഗണിക്കാനാണ് രാജ്ഭവൻ തീരുമാനം. അതേസമയം രാജ്ഭവൻ ഗവർണർക്ക് മാത്രമുള്ളതാണെന്ന സ്ഥിതി മാറിയെന്നും ജനങ്ങൾക്കായും ഗേറ്റുകൾ തുറക്കപ്പെടുകയാണെന്ന് പ്രഭാഷണ പരിപാടിയിൽ അധ്യക്ഷത വഹിച്ച് ഗവർണർ പറഞ്ഞു.
രാജ്ഭവനെ ലോകഭവനാക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്ഭവൻ ജനങ്ങളിൽ നിന്ന് അകന്നുനിന്നിരുന്ന കാലം മാറിയെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.