കൊച്ചി: 2008ലെ നിയമം നിലവിൽവന്ന ശേഷം വാങ്ങിയ നെൽവയൽ വീട് വെക്കാൻ നികത്താനാവില്ലെന്ന നിയമത്തിൽ ഭേദഗതി വരുത്തി ഹൈകോടതി വിധി ഭാഗികമായി മറികടക്കാനൊരുങ്ങി സർക്കാർ. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 9(5)(2) ദുരുപയോഗം ചെയ്യുന്നുവെന്ന് വിലയിരുത്തി ഹൈകോടതി ഫുൾബെഞ്ച് 2022 മാർച്ച് 23ന് പുറപ്പെടുവിച്ച വിധിയിലൂടെ ഏറെപ്പേർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതിക്കൊരുങ്ങുന്നത്. നിയമം നിലവിൽവന്നത് മുതൽ കോടതി വിധിയുണ്ടായ ദിവസംവരെ വീട് വെക്കാൻ നിലം വാങ്ങിയ, മറ്റെങ്ങും സ്വന്തമായി ഭൂമിയില്ലാത്ത ഉടമകൾക്കുകൂടി നികത്താൻ അനുമതി നൽകുംവിധം ഇളവ് അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
വേറെ ഭൂമിയില്ലാത്ത നിലമുടമകൾക്ക് കൈവശമുള്ളതിന്റെ 4.04 ആർ ഭൂമി പഞ്ചായത്തുകളിലും 2.02 ആർ നഗരസഭ പ്രദേശങ്ങളിലും നികത്താനാണ് നിയമ പ്രകാരം അനുമതിയുള്ളത്. എന്നാൽ, നിയമം നിലവിൽവരുന്നതിനുമുമ്പേ നിലമുടമകളായവർക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നായിരുന്നു ഹൈകോടതി നിരീക്ഷണം. 2008ൽ നിയമം വരുമ്പോൾ ആരുടെ ഉടമസ്ഥതയിലാണോ നിലമുള്ളത് അവരെ മാത്രമേ ഉടമയായി കണക്കാക്കാനാവൂ. അതിനാൽ, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നശേഷം നിലം വാങ്ങുന്നവർ ഇതിന്റെ പരിധിയിൽ വരുന്നില്ലെന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരടങ്ങുന്ന ഫുൾബെഞ്ചിന്റെ ഉത്തരവ്. സിംഗിൾബെഞ്ചും ഡിവിഷൻബെഞ്ചും വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഫുൾബെഞ്ചിന്റെ പരിഗണനക്കെത്തുകയും വിശദ വാദത്തിനൊടുവിൽ വിധി പുറപ്പെടുവിക്കുകയും ചെയ്തത്.
നിയമം നിലവിൽവന്ന് 14 വർഷത്തിന് ശേഷമാണ് ഇത്തരമൊരു വിധിയുണ്ടായത്. ഈ 14 വർഷത്തിനിടെ ആയിരക്കണക്കിനാളുകളാണ് പണം കൊടുത്ത് വാങ്ങിയും കുടുംബസ്വത്ത് കൈമാറിക്കിട്ടിയും നിലം ഉടമകളായി മാറിയത്. എന്നാൽ, ഫുൾബെഞ്ച് വിധി വന്നതോടെ 2008നുശേഷം നിലം നികത്തി വീട് വെക്കാനുള്ള ഉടമകളുടെ അപേക്ഷകൾ വ്യാപകമായി നിരസിക്കപ്പെടുന്ന അവസ്ഥയുണ്ടായി. മറ്റെവിടെയും ഭൂമിയോ വീടോ ഇല്ലാത്ത ഒട്ടേറെപ്പേരും ബുദ്ധിമുട്ടിലായതായി പരാതികളുയർന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ നീക്കം. നിയമപരമായി അനുവദനീയമായ അളവ് നിലം മാത്രമേ നികത്താൻ അനുമതി നൽകൂ.
അതേസമയം, കോടതി ഉത്തരവിനുശേഷം നിലം വാങ്ങിയവർക്ക് നിയമഭേദഗതിയുടെ ആനുകൂല്യം ഒരുകാരണവശാലും അനുവദിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. അതിനാലാണ് ഫുൾബെഞ്ച് വിധി വന്ന ദിവസംവരെയായി ഇളവ് പരിമിതപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.