മന്നത്തിനെ അന്നും ഇന്നും വർഗീയവാദിയെന്ന് വിശേഷിപ്പിച്ച പാർട്ടി... -സി.പി.എമ്മിനെതിരെ സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മന്നം സമാധിയുടെ ഭാഗമായി ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. ഏതറ്റംവരെ പോകാനും മടിയില്ല. മന്നത്ത് പത്മനാഭന്‍ വിമോചന സമരത്തിൽ പങ്കെടുത്തത് ജനാധിപത്യം സംരക്ഷിക്കാനാണെന്നും മന്നത്തിനെ അന്നും ഇന്നും വർഗീയവാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് ഇതിനുപിന്നിലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സി.പി.എമ്മിന്‍റെ പേര്​ പരാമർശിക്കാതെയായിരുന്നു 54ാമത് മന്നം സമാധി ദിനാചരണ സമാപനത്തിൽ എൻ.എസ്. എസ് ജനറല്‍ സെക്രട്ടറിയുടെ വിമർശനം.

കഴിഞ്ഞ ദിവസം ദേശാഭിമാനി എഡിറ്റോറിയൽ പേജിൽ ‘അറിവിലൂന്നിയ പരിഷ്‌കർത്താവ്’ എന്ന തലക്കെട്ടിൽ മന്നത്ത്​ പത്മനാഭനെക്കുറിച്ച്​ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ ‘മന്നം സ്വീകരിച്ച ചില രാഷ്ട്രീയനിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്‍റെ നവോഥാന നായകൻ എന്ന വ്യക്തിത്വത്തിൽ നിഴൽവീഴ്ത്തുന്നവയായിരുന്നു’ എന്നുള്ള പരാമർശത്തിനെതിരെയാണ്​ സുകുമാരൻ നായർ രംഗത്തെത്തിയത്​. വോട്ട് ബാങ്കിന്‍റെ പേരിൽ സവർണ-അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വൈക്കം സത്യഗ്രഹം വിജയിക്കാതെ വന്നപ്പോൾ മന്നത്ത് പത്മനാഭന്റെ സഹായം സമരം വിജയിക്കുന്നതിന് ആവശ്യമാണെന്ന് മനസ്സിലാക്കി അദ്ദേഹത്തെ വന്നുകാണുകയായിരുന്നു. ചരിത്രങ്ങളും ലേഖനങ്ങളും എഴുതുന്നവർ മന്നത്ത് പത്മനാഭനെ തമസ്കരിക്കുകയാണ്. ഇത്​ നായർ സമുദായത്തെ അവഗണിക്കാനാണെന്നത് വിസ്മരിക്കരുത്. മന്നത്ത് പത്മനാഭന്‍റെ ചരമ ദിനത്തിനുമുമ്പ് ഈ ലേഖനം പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിക്കുന്നത് മന്നത്ത് പത്മനാഭനെ വർഗീയവാദിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് മറക്കരുത്. ഇതുകണ്ട് എൻ.എസ്.എസോ നായരോ ഭയപ്പെടില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

Tags:    
News Summary - G Sukumaran Nair against CPIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.