ആലപ്പുഴ: മുസ്‌ലിം ലീഗ് സെമിനാറിൽനിന്ന് അവസാന നിമിഷം പന്മാറി സി.പി.എം നേതാവ് ജി. സുധാകരൻ. ആരോഗ്യകാരണങ്ങൾ പറഞ്ഞാണ് പിന്മാറ്റം. ‘ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും’ എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സിപിഎം പ്രതിനിധിയായാണ് ജി. സുധാകരനെ നിശ്ചയിച്ചിരുന്നത്.
അതേസമയം, പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും സുധാകരന്‍റെ മനസ് ഇവിടെയുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം വിലക്കിയാൽ പിന്മാറുന്നയാളല്ല അദ്ദേഹം. ജി. സുധാകരനെ മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ യോഗത്തിലും മറ്റ് യോഗങ്ങളിലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു.
കഴിഞ്ഞ ദിവസം നടന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽനിന്ന് ജി. സുധാകരൻ വിട്ടുനിന്നിരുന്നു. ബ്രാഞ്ച് അംഗമായി തരംതാഴ്ത്തെപ്പട്ട അദ്ദേഹം ജില്ല സമ്മേളന പ്രതിനിധിയല്ല. അമ്പലപ്പുഴ ഏരിയ സമ്മേളനം നടന്നത് സുധാകരന്‍റെ വസതിക്ക് സമീപമായിരുന്നു. എന്നിട്ടും സമാപന സമ്മേളനത്തിൽപോലും പങ്കെടുപ്പിച്ചിരുന്നില്ല.
ആലപ്പുഴ: മുൻമന്ത്രി ജി. സുധാകരൻ വിലക്ക് കേട്ട് പിന്മാറുന്ന ആളല്ലെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ലീഗിന്റെ സെമിനാറിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന സുധാകരൻ അവസാനനിമിഷം പിന്മാറിയെന്ന് അറിഞ്ഞപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഉള്ള കാര്യങ്ങൾ ആരുടെ മുഖത്തും നോക്കി പറയുന്ന സുധാകരനെ ആലപ്പുഴയുടെ പൊതുജീവിതത്തിൽനിന്ന് മാറ്റിനിർത്താൻ ആർക്കും സാധ്യമല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം പാർട്ടിയുടെ യോഗങ്ങളിൽപോലും ജി. സുധാകരനെ വിളിക്കാറില്ല. ഇപ്പോൾ മറ്റുള്ളവർ വിളിച്ചാൽ അതിനും വരാൻ സമ്മതിക്കാത്ത സ്ഥിതിയാണ്. യോഗത്തിൽ വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് നമ്മളോടൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.