ആശുപത്രിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; പൊലീസ് അന്വേഷണം നിലച്ചുവെന്ന് ആരോപണം

തിരുവനന്തപുരം: ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചു തട്ടിപ്പു നടത്തിയ ഡോക്ടർക്കെതിരെയുള്ള പൊലീസ് അന്വേഷണം നിലച്ചുവെന്ന് നിക്ഷേപകർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിസൈസ് ഐ കെയർ കണ്ണാശുപത്രിയുടെ പുതിയ സ്ഥാപനങ്ങൾ ദുബായിലും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിലും ഉൾപ്പെടെ തുടങ്ങുമെന്ന് പ്രലോഭിപ്പിച്ച് പ്രിസെസ് മാനേജിങ് ഡയറക്ടർ ഡോ. ജയറാം ഓഹരി പങ്കാളിത്തം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പലരിൽ നിന്നായി വാങ്ങിയ കോടിക്കണക്കിന് രൂപ തിരികെ നൽകിയില്ലെന്ന് നിക്ഷേപകനായ വിനോദ് തോമസ്, മറ്റൊരു നിക്ഷേപകനായ അജോയ് യുടെ മകൻ അച്യുത് അജോയ് എന്നിവർ പറഞ്ഞു.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും അന്വേഷണം ഇഴയുകയാണ്. സമൂഹത്തിലെ പ്രമുഖരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുമായുള്ള ബന്ധമാണ് അന്വേഷണത്തിന് തടസമായി നിൽക്കുന്നതെന്ന് സംശയമുണ്ടെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടി. 2016ൽ ദുബായിൽ നിക്ഷേപ സം​ഗമം വിളിച്ചു ചേർത്താണ് നിരവധി മലയാളികളിൽ നിന്ന് 10 മുതൽ 30 ലക്ഷം വരെ ഡോ. ജയറാം നിക്ഷേപമായി സ്വീകരിച്ചത്.

മൂന്നുവർഷത്തിന് ശേഷം 150 ശതമാനം ലാഭവിഹിതം ഉൾപ്പെടെ പണം തിരികെ നൽകുമെന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ, പണം വാങ്ങിയ ശേഷം ഡോ. ജയറാം നിക്ഷേപകരുമായി ബന്ധപ്പെടാൻ തയാറായില്ല. പലതവണ നേരിട്ടും ഫോണിലും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ആശുപത്രികളോ മറ്റ് സ്ഥാപനങ്ങളോ ആരംഭിച്ചതായോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ നിക്ഷേപകരെ അറിയിക്കാൻ അദ്ദേഹം തയാറായില്ല.

മൂന്നുവർഷത്തെ കാലാവധിക്ക് ശേഷം പണം തിരികെ ചോദിച്ചവരുടെ വീടുകളിൽ ​ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായെന്ന് വിനോദ് തോമസ് പറഞ്ഞു. 20 ലക്ഷം രൂപയോളം നിക്ഷേപം നൽകിയ ജലീൽ എന്നയാൾ ഇതിനിടെ മരണപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ലെന്നും അവർ കുറ്റപ്പെടുത്തി.

ആശുപത്രിയുടെ തിരുവനന്തപുരത്തുള്ള ശാഖയുടെ ബാലൻസ് ഷീറ്റും ലാഭശതമാനവും കാണിച്ചായിരുന്നു പ്രവാസികളിൽ നിന്ന് പണം വാങ്ങിയത്. കരുനാ​ഗപ്പള്ളിയിലും പത്തനാപുരത്തും പ്രവർത്തിക്കുന്ന പ്രിസൈസ് ഐ1, ഐ കെയർ എന്നീ ശാഖകൾ തുടങ്ങാനായി ബി.എൻ രാധാകൃഷ്ണൻ എന്ന ബിനിസനുകാരനിൽ നിന്ന് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി വാർത്താക്കുറിപ്പിൽ പറയുന്നു.

ഈ രണ്ടുശാഖകളിലും 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന രാധാകൃഷ്ണനെ പിന്നീട് വ്യാജരേഖ ചമച്ച് സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയെന്നും ഇവർ ചൂണ്ടിക്കാട്ടി. ആശുപത്രി നടത്താനെന്ന പേരിൽ കരുനാ​ഗപ്പള്ളിയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിന്റെ മറ്റ് നിലകൾ കയ്യേറിയതിന്റെ പേരിൽ കെട്ടിട ഉടമയും സൗദിയിൽ ബിസിനസുകാരനുമായ ശിവപ്രസാദ് ഡോ. ജയറാമിനെതിരെ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്. ഈ കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിൽ കഴിയുകയാണ് ഡോ. ജയറാം. നിരവധി പ്രവാസികളിൽ നിന്ന് ഡോക്ടർ ജയറാം കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയാലേ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരികയുള്ളൂവെന്നും ഇവർ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Fraud of crores in the name of hospital; It is alleged that the police investigation has stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.