സംസ്ഥാന സ്കൂൾ കായികമേളയിൽ ഭക്ഷണവിതരണത്തിൽ ഗുരുതര വീഴ്ച, കുട്ടികൾ വലഞ്ഞു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ ഭക്ഷണവിതരണത്തിലുണ്ടായ ഗുരുതര വീഴ്ച കുട്ടികളെ ദുരിതത്തിലാക്കി. കോഴിക്കോട് ആരംഭിച്ച മേളയിൽ രാവിലെ മുതൽ വെയിലത്ത് കളിച്ച് തളർന്നെത്തിയ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെന്നും മണിക്കൂറുകളോളം കാത്തുനിന്ന പലർക്കും ചോറ് കിട്ടാതെ ചപ്പാത്തി മാത്രം നൽകി മടക്കിയെന്നും പരാതി.

രാവിലെ ഏഴുമണിക്ക് പ്രഭാതഭക്ഷണം കഴിച്ച് ഗ്രൗണ്ടിലിറങ്ങിയ കുട്ടികളാണ് ഉച്ചയോടെ ബുദ്ധിമുട്ടിലായത്. ഒന്നരയോടെ കുട്ടികൾ ഭക്ഷണശാലയിലെത്തിയപ്പോൾ ചോറ് പൂർണമായും തീർന്നിരുന്നു. ഇതോടെ പരിമിതമായ രീതിയിൽ ചപ്പാത്തി മാത്രം നൽകി ഒഴിവാക്കുകയായിരുന്നുവെന്ന് കുട്ടികൾ പറയുന്നു.

കഠിനമായ വെയിലിൽ കഷ്ടപ്പെട്ട് മത്സരങ്ങളിൽ പങ്കെടുത്ത് തിരിച്ചെത്തിയ കുട്ടികളാണ് അവഗണനയ്ക്ക് ഇരയായത്. ദീർഘനേരം ഭക്ഷണത്തിനായി കാത്തുനിൽക്കേണ്ടി വന്നതും ഒടുവിൽ വിശപ്പ് മാറ്റാൻ കഴിയാതെ തളർന്നിരുന്നതും കുട്ടികളെ മാനസികമായും ശാരീരികമായും തളർത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന ഇത്രയും വലിയൊരു മേളയിൽ കുട്ടികളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണകാര്യത്തിൽ ഉണ്ടായ ഈ അശ്രദ്ധ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളിലെങ്കിലും ഇത്തരം ദുരിതങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ശക്തമായ ആവശ്യം.

Tags:    
News Summary - Food lapse on day one of state School Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.