തിരുവനന്തപുരം: ഫുട്ബാള്‍ ലോകകപ്പിന്‍റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പന്നങ്ങളും കേന്ദ്രസര്‍ക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പി.വി.സി ഫ്ലക്സുകളും നിരോധിച്ചിട്ടുണ്ട്‌. കോട്ടൺതുണി, പേപ്പർ അധിഷ്ഠിത പ്രിന്റിങ് രീതികൾക്ക് പരിഗണന നൽകണം. പി.വി.സി ഫ്ലക്സിന് പകരമായി പുനചംക്രമണത്തിന് സാധ്യമാകുന്ന പോളി എഥിലിൻ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള പരസ്യ പ്രചരണ മാർഗങ്ങൾ ഉപയോഗിക്കാം. പോളി എഥിലീൻ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നവർ, അത് സമയബന്ധിതമായി നീക്കം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ബോര്‍ഡുകളും ഫ്ലക്സുകളും യാത്ര മറയ്ക്കുന്ന രീതിയില്‍ സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കണം. ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച് ബോര്‍ഡുകള്‍ നീക്കാൻ ആരാധകര്‍ തയാറാകണം. ഫൈനല്‍ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോര്‍ഡുകളും നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കാൻ എല്ലാവരും സഹകരിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഹരിതച്ചട്ടം പാലിച്ച് ഫുട്ബോള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ആദരിക്കും. ഓരോ ജില്ലയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളുടെയും ഫുട്ബോള്‍ കൂട്ടായ്മകളുടെയും സംഘാടകരുടെയും കായികസംഘടനകളുടെയും യോഗം വിളിച്ചുചേര്‍ക്കും. നിരോധിത പി.വി.സി ഫ്ലക്സ് വസ്തുക്കള്‍ പ്രിന്‍റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - flex board should be removed when teams are out from World Cup says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.