അഞ്ച് കലക്ടര്‍മാര്‍ക്ക് സ്ഥലമാറ്റം; ടി.വി അനുപമ ആലപ്പുഴയിൽ

തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ ധാരണ. സാമൂഹ്യനീതി ഡയറക്ടറായ ടി.വി. അനുപമയെ ആലപ്പുഴ കലക്ടറായി നിയമിച്ചു. ഡോ. എസ്. കാര്‍ത്തികേയനെ കൊല്ലം കലക്ടറായും  ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ.കെ. വാസുകിയെ തിരുവനന്തപുരം കലക്ടറായും നിയമിച്ചു. 

പാലക്കാട് കലക്ടറായി ഡോ.പി. സുരേഷ് ബാബുവിനെയും കോട്ടയം കലക്ടറായി ശ്രീമതി നവജോത് ഖോസയെയും നിയമിച്ചു. കോട്ടയം കലക്ടറായിരുന്ന സി.എ. ലതയെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു.

തിരുവനന്തപുരം കലക്ടറായിരുന്ന വെങ്കിടേശപതിയെ ഫിഷറീസ് ഡയറക്ടറാക്കി. ലോട്ടറി ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. കൊല്ലം കലക്ടറായിരുന്ന ടി. മിത്രയെ ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ടി.വി. അനുപമ കൈകാര്യം ചെയ്തിരുന്ന എല്ലാ പദവികളും വീണ എന്‍. മാധവനായിരിക്കും. 


മറ്റു മന്ത്രിസഭാ തീരുമാനങ്ങൾ

 

ഓണക്കിറ്റ്

  • ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചു. ഇതിന് 33.88 കോടി രൂപ ചെലവ് വരും. അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കും. ഇതിന് 6.71 കോടി രൂപ ചെലവ് വരും. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 22 രൂപ നിരക്കില്‍ ഒരു കിലോ വീതം സ്പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യും. ഇതിന് 20.51 കോടി രൂപ ചെലവ് വരും. 
  • സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഓണക്കാലത്ത് പതിനഞ്ച കിലോ അരിയും എട്ട് ഇനം പലവ്യഞ്ജനങ്ങളുമടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. മൊത്തം ചെലവ് 13.2 കോടി രൂപ.
  • സംസ്ഥാനത്തെ 60 വയസ്സിനുമുകളിലുളള മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും സൗജന്യ ഓണക്കോടി വിതരണം ചെയ്യും. 51,476 പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ചെലവ് 3.93 കോടി രൂപ.
  • കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷനിലെ തൊഴിലാളികളുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച ദീര്‍ഘകാല കരാറിലെ അപാകത പരിഹരിക്കാന്‍ തീരുമാനിച്ചു. വര്‍ക്കുമെന്‍ കാറ്റഗറിയിലുളള ജീവനക്കാര്‍ക്കാണ് ഈ തീരുമാനം ബാധകമാവുക. 
  • കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. വിരമിച്ചവരുടെ ഏറ്റവും കൂടിയ പ്രതിമാസ പെന്‍ഷന്‍ 41,500 രൂപയാകും. ഏറ്റവും കൂടിയ കുടുംബ പെന്‍ഷന്‍ 24,900 രൂപയാകും. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ 8,500 രൂപ.
  • കോഴിക്കോട് ജില്ലയിലെ ഫറൂക്ക് ഇ.എസ്.ഐ. ആശുപത്രിയില്‍ റീജിണല്‍ ലാബ്രോട്ടറി സ്ഥാപിക്കുന്നതിന് മൂന്ന് ലാബ് ടെക്നീഷ്യന്‍ (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 
  • കൊല്ലം മുഖത്തല എം.ജി.ടി.എച്ച് സ്കൂളിലെ തൂണ്‍ തകര്‍ന്ന് മരിച്ച നിശാന്തിന്‍റെ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഈ കുടുംബത്തിന് 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  ഈ തുക അവര്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ ബാക്കി 2 ലക്ഷം രൂപയാണ് നല്‍കുക.
  • തിരുവനന്തപുരം ആറ്റിപ്ര വില്ലേജില്‍ പൗണ്ട് കടവില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് ഭവന നിര്‍മ്മാണ ബോര്‍ഡിന് രണ്ട് ഏക്ര സ്ഥലം പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. 
     
Tags:    
News Summary - Five Collectors transferred, TV Anupama in Alappuzha-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.