കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നു
അഞ്ച് കൂട്, 20 കാമറ, നൂറോളം വനപാലകർ... ആരും കാണാതെ കടുവ വീണ്ടുമെത്തി; ആടിനെ കൊന്നുതിന്നു
മാനന്തവാടി: ഒരു പ്രതിരോധ നീക്കങ്ങൾക്കും പിടികൊടുക്കാതെ ദിനചര്യയേന്നോണം നാട്ടിലിറങ്ങി ഇരപിടിക്കുന്ന ഈ കടുവയെ എങ്ങനെ തളക്കണമെന്നറിയാതെ കുഴങ്ങുകയാണ് ഒരു നാടും നാട്ടാരും. എല്ലാ സംവിധാനവുമൊരുക്കി നൂറിലേറെ വരുന്ന വനപാലക സംഘവും പൊലീസും രാത്രി ഉറക്കമിളച്ച് കാവൽനിന്നിട്ടും ആരുടെ ദൃഷ്ടിയിലും പെടാതെ കുറുക്കൻമൂലയിൽ എല്ലാ ദിവസവുമെന്നപോലെ അവനെത്തുകയാണ്. തിങ്കളാഴ്ച രാത്രിയും പതിവ് തെറ്റിക്കാതെ കടുവയെത്തി. ഒരു ആടിനെക്കൂടി കൊന്നുതിന്നു. രണ്ടാഴ്ചക്കിടെ ദിനംപ്രതിയെന്നോണം 14 വളർത്തുമൃഗങ്ങളെയാണ് കുറുക്കൻമൂലയിലും പരിസരങ്ങളിലുമായി കടുവ ആക്രമിച്ചുകൊന്നത്.
കടുവയെ പൂട്ടാൻ നാടിെൻറ വിവിധ ഭാഗങ്ങളിൽ അഞ്ചു കൂടുകളൊരുക്കി കാത്തിരിപ്പ് തുടരുകയാണ്. പോരാത്തതിന് 20 കാമറക്കണ്ണുകൾ കടുവയെ തേടി രാവും പകലും കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നുണ്ട്. ഒത്തുകിട്ടിയാൽ മയക്കുെവടി വെക്കാൻ വിദഗ്ധ സംഘവും സജ്ജം. പക്ഷേ, എല്ലാവരെയും 'പറ്റിച്ച്' കടുവ ഒളിച്ചുകളി തുടരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ദിനചര്യക്ക് ഭംഗം വരുത്താതെയാണ് കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയെത്തിയത്. തിങ്കളാഴ്ച പടമല പള്ളിക്ക് സമീപം കുരുത്തോല സുനിയുടെ മൂന്ന് വയസ്സുള്ള ആടിനെ പിടികൂടി ഏകദേശം പൂർണമായിത്തന്നെ ഭക്ഷിച്ചു. നേരത്തെ, കൊന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളാണ് കടുവയെ കുടുക്കാൻ കൂട്ടിൽ ഇരയായി വെച്ചിരുന്നത്. ഒടുവിൽ അതുമാറ്റി ജീവനുള്ള ആടുകളെത്തന്നെ ഇരയായി ഒരുക്കിയിട്ടും കടുവ കൂടുകളിലേക്ക് 'തിരിഞ്ഞുനോക്കുന്നില്ല'.
വനപാലക സംഘത്തിന് എല്ലാ സഹായവുമായി നാട്ടുകാരുണ്ടെങ്കിലും ആരുടെയും കണ്ണിൽപെടാതെയാണ് ദിവസവുമെന്നപോലെ രാത്രി കടുവ പ്രദേശത്ത് എത്തുന്നത്. കാമറകളിലും കടുവയുടെ ദൃശ്യങ്ങൾ പതിയുന്നില്ലെന്നതും ആളുകൾക്ക് അതിശയമാവുന്നു. ഇന്ന് കടുവ കൂട്ടിൽ കുടുങ്ങുമെന്ന് ഓരോ ദിവസവും പ്രതീക്ഷിക്കുേമ്പാഴും പിറ്റേന്ന് ആരുടെയെങ്കിലും വളർത്തുമൃഗങ്ങളെ കൊന്നതായ
വാർത്തകളാണ് ലഭിക്കുന്നത്. രണ്ട് പശുക്കളെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടുമുണ്ട്. ഇര തേടാൻ നാട്ടിലിറങ്ങുന്ന കടുവയെ വൈകാതെ കൂട്ടിലടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും വനംവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.