ബേപ്പൂർ: ശുചിത്വത്തോടും ശുദ്ധിയോടുമുള്ള മത്സ്യവുമായി സംസ്ഥാന ഫിഷറീസ് വകുപ്പിെൻറ ‘അന്തിപ്പച്ച’ മൊബൈൽ ഫിഷ്മാർട്ട് പ്രവർത്തനമാരംഭിക്കുന്നു. ശുദ്ധമത്സ്യം എത്തിക്കാനുള്ള ഫിഷറീസ് വകുപ്പ് പ്രവർത്തനത്തിെൻറ ഭാഗമായാണിത്. മത്സ്യം കേടാകാതിരിക്കാനുള്ള ഫ്രീസിങ് സംവിധാനം ‘അന്തിപ്പച്ച’ വാഹനത്തിലുണ്ടാകും. രാസപദാർഥങ്ങൾ ചേർക്കാത്ത മത്സ്യം പൊതുജനത്തിന് ലഭ്യമാക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ക്രിസ്മസ്, നവവത്സര സമ്മാനമായാണ് പദ്ധതിയെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. തദ്ദേശീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്നാണ് മത്സ്യം സംഭരിക്കുക. അതാത് ദിവസം സംഭരിച്ച് വിൽപന നടത്താനാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളിലും താൽക്കാലിക ഷെഡ് കെട്ടിയും വൃത്തിഹീനമായി കൂട്ടിയിട്ടും മറ്റും വിൽപന നടത്തുന്ന പഴഞ്ചൻ ശൈലിയിൽനിന്ന് മാറി, വൃത്തിയുള്ള അന്തരീക്ഷത്തിലും പശ്ചാത്തല സൗകര്യങ്ങളിലും ശുദ്ധമായ മത്സ്യം വിപണിയിൽ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മുഴുവനായ മത്സ്യം, ക്ലീൻ ചെയ്ത് പാചകത്തിന് തയാറാക്കിയ റെഡി ടു കുക്ക് മത്സ്യം, റെഡി ടു ഈറ്റ് മത്സ്യം, മറ്റു മത്സ്യ ഉൽപന്നങ്ങൾ എന്നിവ ന്യായവിലയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. ആരോഗ്യത്തിന് ഹാനികരമാകുന്ന അമോണിയ, ഫോർമലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തുടങ്ങിയവ ചേർക്കാത്ത ഗുണനിലവാരമുള്ള പച്ച മത്സ്യങ്ങളും ഉണക്ക മത്സ്യങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും ഇൗ വാഹനത്തിൽനിന്ന് ലഭിക്കും.
ചാള, അയല, നെത്തോലി, നെയ്മീൻ, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവ അതാത് ദിവസത്തെ ലഭ്യതക്കനുസൃതമായി അന്തിപ്പച്ചയിലുണ്ടാകും. ആദ്യഘട്ടമെന്ന നിലയിൽ ഡിസംബർ ഒന്നുമുതൽ കൊല്ലം ജില്ലയിലാണ് മൊബൈൽ ഫിഷ് മാർട്ട് പ്രവർത്തനമാരംഭിക്കുന്നത്. സ്വീകാര്യതയും വിപണന പുരോഗതിയും വിലയിരുത്തിയശേഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊല്ലം ജില്ലയിലെ ഏറ്റവും തിരക്കുള്ള ആറു ടൗണുകൾ കേന്ദ്രീകരിച്ച് വിപണനത്തിനാണ് ഇപ്പോൾ പദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.