പൊള്ളലേറ്റ ധനകാര്യ സ്ഥാപന ഉടമ മരിച്ചു; പ്രതിയെ തിരിച്ചറിഞ്ഞു

ഇൗങ്ങാപ്പുഴ (കോഴിക്കോട്​): പട്ടാപ്പകൽ പെട്രോൾ ഒഴിച്ച്​ തീവെച്ചതിനെ തുടർന്ന്​ ഗുരുതരമായി പൊള്ളലേറ്റ ധനകാര്യ സ്​ഥാപന ഉടമ മരിച്ചു. കൈതപ്പൊയിലിലെ മലബാർ ഫിനാൻസ് ഉടമ കുപ്പായക്കോട് ഒളവകുന്നേൽ സജി കുരുവിളയാണ്​ (53)​ ശനിയാഴ്ച പുലർച്ച മൂന്നു​മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്​. കൈതപ്പൊയിലിൽ പ്ലംബിങ്​ ജോലി ചെയ്തുവന്ന ആലപ്പുഴ വള്ളിക്കുന്ന് കടുവിനാൽ ‘സുമേഷ് ഭവനി’ൽ സുരേഷ് കുമാറാണ് ​(40) പ്രതിയെന്ന് പൊലീസ്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. 
 

പ്രതി സുരേഷ് കുമാർ (സജി കുരുവിള പകർത്തിയ വിഡിയോയിൽനിന്ന്​)
 


വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടുമണിയോടെയാണ് കൈതപ്പൊയിൽ ബസ്​സ്​റ്റോപ്പിന്​ മുൻവശത്തെ ഇരുനിലക്കെട്ടിടത്തി​​​െൻറ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്​ഥാപനത്തിൽ കയറി പ്രതി സജിയെ ആക്രമിച്ചത്​. കാബിനിൽ ഇരുന്ന സജിയുടെ ദേഹ​ത്ത്​ മുളകുപൊടി വിതറിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ശരീരത്തിൽ തീപടർന്ന സജി താഴേക്ക് ചാടിയപ്പോൾ റോഡിലെ മഴവെള്ളത്തിൽ വീണു. നാട്ടുകാർ ഓടിക്കൂടി തീയണച്ച് ഉടൻ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്​ച പുലർച്ച മരിച്ചു. അതിഗുരുതരാവസ്ഥയിലായിരുന്ന സജിയിൽനിന്ന്​ കുന്ദമംഗലം മജിസ്‌ട്രേറ്റ് വെള്ളിയാഴ്​ച മരണമൊഴി എടുത്തിരുന്നു. 

ഭാര്യ: മിനിമോൾ കുരുവിള. ഏകമകൻ ഗിഫ്റ്റ്സൺ. പിതാവ്: പരേതനായ തോമസ്. മാതാവ്: ഏലിയാമ്മ. സഹോദരങ്ങൾ: ചെറിയാൻ, വർക്കി, ജോസഫ് മാത്യു, ചാക്കോ, മേരി, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്​ കുപ്പായക്കോട് സ​​െൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

 

തെളിവായി സജി പകർത്തിയ വിഡിയോ
പെട്രോ​ൾ ഒഴിച്ച്​ തീകൊളുത്തിയതിനെ തുടർന്ന്​ ഗുരുതരമായി പൊള്ളലേറ്റ്​ മരിച്ച കൈതപ്പൊയിലിലെ മലബാർ ഫിനാൻസ് ഉടമ കുപ്പായക്കോട് ഒളവകുന്നേൽ സജി കുരുവിള ​സംഭവത്തി​​​െൻറ തലേന്ന് പകർത്തിയ വിഡിയോയാണ്​ പ്രതിയെ തിരിച്ചറിയാൻ പൊലീസിന്​ സഹായകമായത്​. ത​​​െൻറ സ്ഥാപനത്തിലെത്തിയ പ്രതിയോട്​ പണയ ഉരുപ്പടിക്ക് ഒന്നരലക്ഷം രൂപയേ നൽകാനാവൂവെന്ന് സജി പറഞ്ഞപ്പോൾ രണ്ടുലക്ഷം വേണമെന്ന് ഇയാൾ കർശനമായി ആവശ്യപ്പെട്ടു. ഒടുവിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ ഇടപാട്​ നടത്താൻ സജി നിർദേശിച്ചതിനെ തുടർന്ന് നീരസത്തോടെയാണ് ഇയാൾ മടങ്ങിയത്​. 

യുവാവി​​​െൻറ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് സജി ഇരുവരും തമ്മിലെ സംഭാഷണം വിഡിയോയിൽ പകർത്തിയത്. ഇത്​ സഹോദരിക്ക് അയച്ചിരുന്നു. ചുവന്ന മഴക്കോട്ട് ധരിച്ച യുവാവ് സജിയുമായി സംസാരിക്കുന്ന വിഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്​. സജിയുടെ മൊഴിയിലും ചുവന്ന മഴക്കോട്ട് ധരിച്ച യുവാവാണ് ആക്രമിച്ചതെന്ന്​ പറഞ്ഞിരുന്നു. ഇതി​​​െൻറ അടിസ്​ഥാനത്തിലാണ്​ പ്രതിയെ പൊലീസ്​ തിരിച്ചറിഞ്ഞത്​.

2017 ഒക്​ടോബറിലാണ് ഇയാൾ ഭാര്യയും മകനുമൊത്ത് ഇവിടെ താമസമാക്കിയത്. രണ്ടുമാസം മുമ്പ് ഭാര്യ ഇയാളുമായി തെറ്റി മകനോടൊപ്പം നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. താമരശ്ശേരി സി.ഐ അഗസ്​റ്റി​​​െൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. താമരശ്ശേരിയിലെ പ്രത്യേക പൊലീസ് സംഘം ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    
News Summary - Finance Institute Owner Burned to Died By Unknown Man - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.