‘അച്ഛന്റെ ചിത കത്തിത്തീരും മുമ്പാണ് ഇവിടെ വന്ന് പ്രതിഷേധിക്കുന്നത്... ’ -ബെൻസ് കാറിടിച്ച കേസിൽ 17കാരന് ജാമ്യം നൽകിയതിനെതിരെ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ

കൊച്ചി/ചേരാനല്ലൂർ: ലൈസൻസില്ലാതെ അമിതവേഗതയിൽ ആഡംബര കാറോടിച്ച് കാൽനടയാത്രക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജിയുടെ മകനായ 17-കാരന് ജാമ്യം ലഭിച്ചതിനെതിരെ പ്രതിഷേധം ശക്തം. അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മൃതദേഹം മോർച്ചറിയിൽ നിന്നിറക്കുന്നതിനും മുൻപേ വാഹനമോടിച്ചയാൾക്ക് സ്​റ്റേഷൻ ജാമ്യം നൽകിയിരുന്നു. തുടർന്ന് മക്കളും ബന്ധുക്കളും ഞായറാഴ്ച രാത്രി ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ കൗമാരക്കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡും ജാമ്യം അനുവദിക്കുകയായിരുന്നു.

ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത്ശങ്കറും രാത്രി വൈകുവോളം പൊലീസ് സ്​റ്റേഷനുമുന്നിൽ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. അച്ഛന്റെ ചിത കത്തിത്തീരും മുമ്പാണ് ഞങ്ങൾ ഇവിടെ വന്ന് പ്രതിഷേധിക്കുന്നതെന്ന് മകൾ പറഞ്ഞു. പാതിരാത്രിയിൽ അമിതവേഗതയിലെത്തിയ ആഡംബര കാറാണ് ജയബാലകൃഷ്ണന്റെ ജീവനെടുത്തത്. എന്നാൽ, മൃതദേഹം മോർച്ചറിയിൽനിന്ന് വിട്ടുകിട്ടുന്നതിന് മുൻപേ ഡ്രൈവറെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയച്ചു. പ്രതി സ്വതന്ത്രനായി വീട്ടിലെത്തിയ വിവരം അറിഞ്ഞതോടെയാണ് ജയബാലകൃഷ്ണന്റെ മക്കൾ ചേരാനല്ലൂർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്.

സ്വന്തം പിതാവ് മരിച്ച് ചിത കത്തിത്തീരും മുൻപ് നീതിക്കായി തെരുവിൽ നിൽക്കേണ്ടി വന്ന സാഹചര്യം നിയമസംവിധാനങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് മകൾ പറഞ്ഞു. ജഡ്ജിയുടെ മകനായതിനാലാണ് പൊലീസ് ഇത്രയും പരിഗണന നൽകിയതെന്നും നീതി നിഷേധിക്കപ്പെടുമെന്ന ഭയത്താലാണ് തങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടി.

സ്റ്റേഷന് മുന്നിൽ ജനരോഷവും കടുത്തതോടെ പൊലീസ് പ്രതിയെ വീണ്ടും കസ്റ്റഡിയിലെടു​ത്തു. എന്നാൽ, തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെങ്കിലും അവിടെനിന്നും 17-കാരന് ജാമ്യം അനുവദിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പന്ത്രണ്ടരയോടെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. ഇതേ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയും പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം നടന്നു. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാരും ബന്ധുക്കളും.

‘വെളുപ്പിനു നാലു മണിമുതൽ മെഡിക്കൽ കോളേജിൽ പോയി നിൽക്കുകയാണ്. ഉച്ചയ്ക്കു മൂന്നു മണിക്കു ശേഷമാണ് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടിയത്. ജഡ്ജിയുടെ മകനായതുകൊണ്ടു പ്രതിയെ പെട്ടെന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിയുടെ ഫോട്ടോയെടുത്തപ്പോൾ പോലീസ് ഫോൺ വാങ്ങി അതു ഡിലീറ്റ് ചെയ്യിച്ചു. പരാതിയുമായി സ്റ്റേഷനിൽ വന്നപ്പോഴും ദുരനുഭവമാണുണ്ടായത്’- മക്കൾ പറഞ്ഞു. പ്രതിഷേധത്തിനിടെ രാത്രി 10.50 ഓടെ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി തലചുറ്റി വീണു. ഉടനെ ഇവരെ സമീപത്തെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി.

Tags:    
News Summary - family of Jayabalakrishnan who killed Benz crash oppose bail for 17-year-old accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.