തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത

തിരുവനന്തപുരം: ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ പോളിങ് കേന്ദ്രങ്ങളിൽ സജ്ജമാക്കുന്ന വോട്ടിങ് മെഷീനുകളിൽ തകരാർ എന്ന രീതിയിൽ അന്വേഷണം ഡോട്ട് കോം എന്ന ഓൺലൈൻ മാധ്യമത്തിൽ നൽകിയിരിക്കുന്ന വാർത്ത വ്യാജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ അറിയിച്ചു. മോക്പോളിങ്ങിൽ വിവിപാറ്റ് സ്ലിപ്പുകളിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചതായി കാണിക്കുന്നു എന്നാണ് വാർത്തയിൽ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ജില്ലയിൽ എവിടെയും കണ്ടെത്തിയിട്ടില്ല.

വോട്ടെടുപ്പിനായി ഇ.വി.എം മെഷീനുകളെ സജ്ജമാക്കുന്ന കമ്മിഷനിങ് പ്രക്രിയ ഏപ്രിൽ 16 നാണ് ആരംഭിച്ചത്. ഏപ്രിൽ 18 (വ്യാഴം) ഉച്ചക്ക് 2.30 ന് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ഉള്ള കമീഷനിങ് പൂർത്തിയായിട്ടുണ്ട്. അന്വേഷണം ഡോട്ട് കോമിൽ ഈ വാർത്ത നൽകിയത് ഏപ്രിൽ 18 (വ്യാഴം) രാത്രി 9.43 നാണ്. ബാലറ്റ് യൂനിറ്റിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുന്ന ബാലറ്റ് പേപ്പറുകൾ ക്രമീകരിക്കുകയും വിവിപാറ്റ് മെഷീനിൽ സ്ലിപുകൾ സജ്ജീകരിക്കുകയും ചെയ്യുന്ന പ്രക്രിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടന്നത്.

ഇത്തരത്തിൽ ഒരു പരാതി ജില്ലയിൽ എവിടെ നിന്നും ഉയർന്നുവന്നിട്ടില്ല. ജില്ലയിലെ ഏതു കേന്ദ്രത്തിലാണ് ഇത്തരം ഒരു പരാതി ഉണ്ടായതെന്ന് വാർത്തയിൽ ഒരിടത്തും പറയുന്നില്ല. വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിലുള്ള കമീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല. ഫോട്ടോയിലുള്ള ഉദ്യോഗസ്ഥർ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്നവരും അല്ല. ആദ്യ വരിയിൽ മാത്രമാണ് തിരുവനന്തപുരത്ത് ഇത്തരമൊരു പരാതി ഉണ്ടായെന്ന് വാർത്തയിൽ പറയുന്നത്.

വാർത്തയുടെ 90 ശതമാനവും പറയുന്നത് കാസർഗോഡ് നടന്ന സംഭവത്തെ പറ്റിയാണ്. യാതൊരുവിധ പരാതിയും ഇല്ലാതെ വിജയകരമായി ജില്ലയിലെ വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് പൂർത്തീകരിച്ചിട്ടുണ്ട് എന്നും കലക്ടർ അറിയിച്ചു. അന്വേഷണം ഡോട്ട് കോമിൽ വന്ന വാർത്ത ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ പരാതി നൽകിയിട്ടുണ്ട്. ഈ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

Tags:    
News Summary - Fake news that voting machines malfunctioned in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.