എഫ്-35 ഇപ്പോഴും മഴ നനഞ്ഞ് തിരുവനന്തപുരത്ത്; അറ്റകുറ്റപ്പണിക്ക് ഇംഗ്ലണ്ടിൽനിന്ന് വിദഗ്ധരെത്തും

തിരുവനന്തപുരം: ഇന്ധനം കുറഞ്ഞ് ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം ഇപ്പോഴും തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്നു. ഹൈഡ്രോളിക് സംവിധാനത്തിനുണ്ടായ തകരാർ ബ്രിട്ടന്‍റെ വിമാനവാഹിനി കപ്പലിൽനിന്നു കഴിഞ്ഞ ദിവസമെത്തിയ എൻജിനീയർമാർക്ക് പരിഹരിക്കാനായിട്ടില്ല. ഇനി തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽനിന്ന് വിദഗ്ധർ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിന് ഒരാഴ്ചയിലേറെ സമയമെടുത്തേക്കുമെന്നാണ് വിവരം.

ഇന്തോ - പസിഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽനിന്ന് പറന്നുയർന്ന എഫ്-35 യുദ്ധവിമാനം സൈനികാഭ്യാസത്തിനിടെ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. 36,000 അടിയോളം പറന്നുയർന്ന വിമാനത്തിന് പ്രതികൂല കാലാവസ്ഥകാരണം കപ്പലിൽ തിരിച്ചിറങ്ങാൻ സാധിക്കാതെ പലതവണ വട്ടമിട്ട് പറന്ന് ഇന്ധനം കുറയുകയായിരുന്നു. ഇന്ധനം നിറച്ച് വിമാനം തിരുവനന്തപുരത്തുനിന്നു മടങ്ങാൻ തീരുമാനിച്ചെങ്കിലും യന്ത്രത്തകരാർ കാരണം സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും രണ്ടു സാങ്കേതികവിദഗ്ദ്ധരും വെള്ളിയാഴ്ച ബ്രിട്ടനിലേക്കു മടങ്ങി.

വിമാനത്താവളത്തിലെ നാലാം നമ്പർ ബേയിൽ സി.ഐ.എസ്.എഫിന്റെ സുരക്ഷയിലാണ് എഫ്-35. കനത്ത മഴയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടന്നത്. വിമാനത്താവളത്തോടു ചേർന്നുള്ള ഹാങ്ങർ യൂനിറ്റിലേക്കു മാറ്റാമെന്ന് ഇന്ത്യൻ വ്യോമസേന നിർദേശിച്ചെങ്കിലും ബ്രിട്ടീഷ് അധികൃതർ നിരസിക്കുകയായിരുന്നു. മറ്റൊരു രാജ്യത്തിന്റെ കേന്ദ്രത്തിലേക്ക് അറ്റകുറ്റപ്പണിക്ക് മാറ്റേണ്ടതില്ല എന്നാണ് ബ്രട്ടീഷ് സംഘത്തിന്റെ തീരുമാനം.

Tags:    
News Summary - F-35 fighter jet still at Thiruvananthapuram Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.