തിരുവനന്തപുരം: ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട ബി.ജെ.പി നേതാവും വാഴോട്ടുകോണം കൗൺസിലർറുമായ ആർ സുഗതനെ പൊലീസ് പിടികൂടിയതിനെതിരെ ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. ജൂൺ 9 രാതി 9 മണിക്ക് സി.പി.എം നേതാക്കൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുൻപിൽ അരങ്ങേറിയതെന്ന് ശ്രീലേഖ ആരോപിച്ചു. ലോക മാഫിയ തലവനെയോ തീവ്രവാദിയെയോ പിടിക്കുന്നതുപോലെ കാപ്പ പ്രതിയെ പൊലീസ് ഇതുവരെ ചെയ്തിട്ടില്ലെന്നും ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘അക്രമാസക്തമായ ആൾക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിർത്ത് മഫ്തി വേഷത്തിൽ ചീപ്പ് ഹീറോയിസം കാണിച്ച എസ്.എച്ച്.ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ് പൊലീസ് ആണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ല’ -ശ്രീലേഖ പറഞ്ഞു.
അതേസമയം, പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ സി.ഐ ആകാശത്തേക്ക് വെടിവെച്ചതിൽ വീഴ്ചയില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പൊലീസ് നടപടിയെ പൂര്‍ണമായി പിന്തുണക്കുകയും അഭിനന്ദിക്കുകയുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചെയ്തത്. ആറ് വധശ്രമമടക്കം 11 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കൈയേറ്റം ചെയ്തതിനു മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുഗതനെ കൗണ്‍സിലില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. എൽ.ഡി.എഫ് തിരുവനന്തപുരം കോര്‍പറേഷനില്‍ സമരം തുടങ്ങി.
വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ എങ്ങനെ ഗുണ്ടയായി?
കഴിഞ്ഞ 10 വർഷത്തെ സി.പി.എം ദുർഭരണത്തിൽ കേരളത്തിൽ ആകെ സ്റ്റേറ്റ് സ്പോൺസേഡ് ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂർവ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. വട്ടിയൂർക്കാവിൽ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാർക്ക് വേണ്ടി പൊരുതി നിൽക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ പോലീസ് എടുത്തത്. എല്ലാം സി.പി.എം നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. അത് സി.പി.എമ്മുകാർക്ക് വലിയ തിരിച്ചടിയായി. 25 വാർഡ് ഉള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ 11 എണ്ണം ബി.ജെ.പി യും 9 എണ്ണം കോൺഗ്രസ്സും കൊണ്ടുപോയത് അവിടെയുള്ള സി.പി.എം ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥി ആണെന്നറിഞ്ഞപ്പോൾ തുടങ്ങി പൊലീസ് എനിക്കെതിരെയും എടുത്തല്ലോ 2 കള്ള കേസുകൾ?
കേരളത്തിൽ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ സി.പി.എം പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്. ജൂൺ 9 രാതി 9 മണിക്ക് സി.പി.എം നേതാക്കൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുൻപിൽ അരങ്ങേറിയത്. കാപ്പ പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പൊലീസ് ഇതേവരെ ചെയ്തിട്ടില്ല.
വെറും നാലുപേർ മാത്രമുള്ള വീട്ടിൽ ഒരു പ്ലാറ്റൂൺ സായുധ പൊലീസുമായി 2 വാഹനത്തിൻറെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിർത്ത് മഫ്തി വേഷത്തിൽ ചീപ്പ് ഹീറോയിസം കാണിച്ച എസ്.എച്ച്.ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ് പൊലീസ് ആണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? അയാളെ തിരഞ്ഞെടുപ്പിന് മുൻപ് സി.പി.എം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽ നിന്ന് കൊണ്ട് വന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിയമിച്ചത് അവിടെ മൂന്നാം വട്ടവും അഡ്വ. വികെ. പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.
സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ. ഇതൊന്നും ഇപ്പോഴും സി.പി.എം വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല.
അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.