എടപ്പാൾ കൊലപാതകം: ഇര്‍ഷാദിൻെറ മൃതദേഹത്തിനായി തിരച്ചില്‍ ആറ് മണിക്കൂർ പിന്നിട്ടു

എടപ്പാൾ: സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ ഇര്‍ഷാദിൻെറ മൃതദേഹം കണ്ടെത്താന്‍ പ്രതികള്‍ പറഞ്ഞ മാലിന്യം നിറഞ്ഞ പൂക്കരത്തറയിലെ പൊട്ടകിണറ്റില്‍ തിരച്ചില്‍ തുടരുന്നു. ഏകദേശം നാല് കോലോളം ഉയരത്തില്‍ മാലിന്യം കിണറ്റില്‍ ഉണ്ടെന്നാണ് വിവരം. ശനിയാഴ്ച്ച രാവിലെ 8.30 പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നിരവധി മാലിന്യങ്ങളാണ് കിണറ്റിൽ തള്ളിയിരിക്കുന്നത്. ഇതിനാൽ മൃതദേഹം കണ്ടെത്താൻ പ്രയാസകരമാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്നാണ് കിണറ്റില്‍ നിന്ന് മാലിന്യം കയറ്റുന്ന ജോലി പുരോഗമിക്കുന്നത്.

സുഹൃത്തകളായ സുഭാഷ്, എബിൻ എന്നിവർ ചേർന്നാണ് 25ക്കാരനായ ഇർഷാദിനെ കൊലപ്പെടുത്തിയത്. പൂജാരിയായ സുഭാഷ് ഒരു ക്ഷേത്രത്തിൽ കോടികൾ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹമുണ്ടെന്നും അതെടുത്തുതരാമെന്നും വിശ്വസിപ്പിച്ച് ഇർഷാദിൽനിന്ന് ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.

വിഗ്രഹം നൽകാത്തതിനെത്തുടർന്ന് ഇവരോടു കയർത്ത ഇർഷാദിനോട് സംഭവദിവസം മൂന്നുലക്ഷം രൂപയുമായി വന്നാൽ വിഗ്രഹം എടുത്തുനൽകാമെന്നു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഇവർക്കൊപ്പം പണവുമായി കാറിൽ പുറപ്പെട്ട ഇർഷാദിനെ വട്ടംകുളത്തെ ലോഡ്ജിലെത്തിച്ചു.

കുറച്ച് പൂജാദികർമങ്ങൾ ചെയ്യാനുണ്ടെന്നു വിശ്വസിപ്പിച്ച് ഇർഷാദിൻെറ സമ്മതത്തോടെതന്നെ കൈകാലുകൾ ബന്ധിച്ചു. ക്രിയകൾക്കിടയിൽ ക്ലോറോഫോം നൽകി ബോധംകെടുത്താൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെത്തുടർന്ന് ബൈക്കിൻെറ സൈലൻസറും മറ്റായുധങ്ങളുമുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പൂക്കരത്തറ സെൻററിലെ പൊട്ടകിണറ്റിൽ മൃതദേഹം തള്ളി.

2020 ജൂൺ 11 ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ജോലിയാവശ്യാർഥം കോഴിക്കോട്ടേക്ക് പോകുകയാണെന്നായിരുന്നു ഇർഷാദ് വീട്ടിൽ പറഞ്ഞിരുന്നത്. പിന്നീട് കാണാതായതോടെ വീട്ടുകാർ ചങ്ങരംകുളം പോലീസിൽ പരാതിനൽകുകയും പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയ സുഹൃത്തുക്കളെ പലവട്ടം ചോദ്യംചെയ്തെങ്കിലും വ്യക്തമായ വിവരമൊന്നും ലഭിച്ചില്ലെങ്കിലും പോലീസ് ഇവരറിയാതെ ഇവരുടെ നീക്കങ്ങളും മൊബൈൽനമ്പറും പിന്തുടർന്നതാണ് കേസിന് വഴിതിരിവുണ്ടാക്കിയത്. എടപ്പാളിൽ മൊബൈൽ ഷോപ്പ നടത്തുന്ന ഇർഷാദിന് അഞ്ച് വർഷമായി ഇവരെ പരിചയമുണ്ട്.

തിരൂർ ഡിവൈ.എസ്.പി സുരേഷ്ബാബു, ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐമാരായ ഹരിഹരസൂനു, ജയപ്രകാശൻ, പ്രമോദ്, ഷിജിമോൻ, വിജിത്, ഇക്ബാൽ, ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലേർപ്പെട്ടിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.