പാനൂരിൽ അറസ്റ്റിലായത് പ്രാദേശിക നേതാക്കള്‍; ഡി.വൈ.എഫ്.ഐക്ക് പങ്കില്ല -വി.കെ. സനോജ്

കണ്ണൂർ: പാനൂര്‍ സ്ഫോടനത്തില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്നും സംഭവത്തിൽ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഈ സ്ഫോടനം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ എന്നാൽ ബോംബ് നിർമാണ സംഘടനയാണെന്ന് വരുത്തിത്തീർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അറസ്റ്റിലായവരിൽ ഒന്നുരണ്ടുപേർ സംഘടനയുടെ പ്രാദേശിക നേതാക്കളാണ്. അവർ സംഭവമറിഞ്ഞ് ഓടിക്കൂടിയവരാണ്. അതല്ലാതെ ആര്‍ക്കെങ്കിലും സ്ഫോടനവുമായി ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.

പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28) രക്ഷാപ്രവർത്തകനായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. ഇത് തെറ്റായി ചിത്രീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്നും എറണാകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

‘സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നുവെന്നത് കള്ള പ്രചാരണമാണ്. ‌രണ്ടുപേരെ പിടിച്ചിട്ടുണ്ട്. അതിൽ ഒരാൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ഞാൻ ഇന്ന് രാവിലെ തന്നെ അന്വേഷിച്ചു. എന്താ പ്രശ്നം? ഇവർ ചിതറിക്കിടക്കുന്ന സന്ദർഭത്തിൽ നാട്ടുകാർ ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽനിന്ന് ആശുപത്രിയിൽ എത്തിക്കാനും ചികിത്സ നൽകാനും നേതൃത്വം നൽകിയ ആളാണ്. ആ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയാണ് പൊലീസ് പിടിച്ചത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - DYFI leader VK Sanoj about panoor bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.