തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ടൈറ്റസ് കുര്യനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെ വെങ്ങാനൂർ അയ്യങ്കാളി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് രാത്രിയിൽ കാറുമായി തിരുവനന്തപുരത്തേക്ക് തിരിച്ചതായിരുന്നു ടൈറ്റസ് കുര്യൻ.
വാഹനം വെങ്ങാനൂരിൽ എത്തിയപ്പോൾ പെട്ടെന്ന് കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു. വണ്ടി റോഡരികിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടെ കാർ പിന്നോട്ട് ഉരുണ്ട് സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി.
തീ ആളിപ്പടർന്നതോടെ കാറിന്റെ ഡോറുകൾ ലോക്കാവുകയും സീറ്റ് ബെൽറ്റ് കുടുങ്ങുകയും ചെയ്തതാണ് ടൈറ്റസിന് പുറത്തിറങ്ങാൻ കഴിയാതെ പോയതെന്നാണ് പ്രാഥമിക നിഗമനം.
കാറിന്റെ അലാറം വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെ നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തി. പിൻവശത്തെ ഗ്ലാസും ഡോറും തകർത്ത് ഇയാളെ പുറത്തെടുക്കാൻ നാട്ടുകാർ അതിസാഹസികമായി ശ്രമിച്ചെങ്കിലും കനത്ത തീയ കാരണം അടുത്തേക്ക് എത്താനായില്ല.
വിവരമറിഞ്ഞ് വിഴിഞ്ഞത്തുനിന്നും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിയമർന്നിരുന്നു. ഉള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് കാറിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് വിഴിഞ്ഞം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ടൈറ്റസ് കുര്യനാണെന്ന് സ്ഥിരീകരിച്ചത്.
എം. വിൻസെന്റ് എം.എൽ.എ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക് വിദഗ്ദ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചു. കാറിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.