representative image
റാന്നി (പത്തനംതിട്ട): ഡ്രൈവര്‍ ജോലിക്ക് അമിതമായി മദ്യപിച്ച് എത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ റാന്നി ഓപ്പറേറ്റിങ് സെന്‍ററില്‍നിന്നുള്ള ആങ്ങമൂഴി-എറണാകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസ് സർവിസ് മുടങ്ങി. വൈകീട്ട് 7.30ന് റാന്നിയില്‍ നിന്നാരംഭിച്ച് ആങ്ങമൂഴിയിലെത്തി സ്റ്റേ ചെയ്തശേഷം വെളുപ്പിന് നാലിന് അവിടെനിന്നും റാന്നി വഴി എറണാകുളത്തിന് സർവിസ് നടത്തുന്ന ബസാണ് മുടങ്ങിയത്.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. എറണാകുളത്തുനിന്നും എല്ലാ ദിവസവും വൈകീട്ട് 7.30ന് റാന്നിയിലെത്തുമ്പോഴാണ് ഡ്രൈവറും കണ്ടക്ടറും മാറി പുതിയ ജോലിക്കാര്‍ കയറുന്നത്. അന്നത്തെ ഡ്രൈവർ അമിതമായി മദ്യപിച്ച ശേഷമാണ് ജോലിക്കെത്തിയത്.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്റ്റേഷന്‍ മാസ്റ്റര്‍ സർവിസ് പോകുന്നതിൽനിന്നും ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നും ഇയാളെ വിലക്കുകയായിരുന്നു. ഈ നിലയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ഇദ്ദേഹത്തെ അയച്ചാല്‍ അപകടം ഉണ്ടാവുമെന്ന് മറ്റു ജീവനക്കാരും നിലപാടെടുത്തു.
അടിയന്തരമായി മറ്റു ജീവനക്കാരെ ലഭ്യമല്ലാതെ വന്നതിനാല്‍ സർവിസ് മുടങ്ങുകയായിരുന്നു. കോവിഡുകാലത്തും 12,000 രൂപക്ക് മുകളില്‍ വരുമാനമുള്ള സർവിസാണ്. നിരവധി സ്ഥിരം യാത്രക്കാരും ബസിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.