ജ്യോതിഷ് വനജ മുരളിധരൻ

‘ഇവയൊന്നും നിസാരകാര്യങ്ങളേ അല്ല, ഒന്നാന്തരം രോഗമാണ്, ചികിത്സിക്കപ്പെടേണ്ട രോഗം...’ -ജ്യോതിഷ് വനജ മുരളിധരന്റെ മരണത്തെ മുൻനിർത്തി ഡോ. മനോജ് വെള്ളനാട് എഴുതുന്നു

വിഷാദ രോഗം ബാധിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം ആത്മഹത്യ ചെയ്ത നിലമ്പൂർ സ്വദേശി ജ്യോതിഷ് വനജ മുരളിധരന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ, വിഷാദരോഗത്തെയും ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ്. ഉപദേശം കൊണ്ടോ കോമഡി സിനിമകൾ കണ്ടതു കൊണ്ടോ ഒരാളുടെ വിഷാദം മാറ്റാനാവില്ലെന്നും എത്രയും വേഗം തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ വേണ്ടത്ര നാൾ കൃത്യമായി സ്വീകരിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു.  

20 വർഷമായി താൻ വിഷാദത്തിലായിരുന്നുവെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിപ്പിട്ട ജ്യോതിഷ്,  കുട്ടികളിലുള്ള മാറ്റങ്ങൾക്ക് ആവശ്യ​മെങ്കിൽ ട്രീറ്റ്മെന്റ് എടുക്കണ​മെന്ന് ആത്മഹത്യ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.  

‘വിഷാദം തിരിച്ചറിയാൻ വൈകുന്നതും ചികിത്സ തേടാൻ വൈകുന്നതോ തുടർച്ചികിത്സയ്ക്ക് വൈമുഖ്യം കാണിക്കുന്നതോ ഒക്കെ പലപ്പോഴും ദുരന്തത്തിൽ കലാശിക്കാറുണ്ട്.  ആത്മഹത്യയെ പറ്റി നിരന്തരം ചിന്തിക്കുന്നത്, ജീവിതം മടുത്തുവെന്ന് ആവർത്തിക്കുന്നത്, ഇങ്ങനെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് നിരാശപ്പെടുന്നത്, പറ്റുന്നില്ല പറ്റുന്നില്ലാ എന്ന് സ്വയം തോന്നലുണ്ടാകുന്നത്.. ഇവയൊന്നും നിസാരകാര്യങ്ങളേ അല്ല.  ഒന്നാന്തരം രോഗമാണ്. എത്രയും വേഗം ചികിത്സിക്കപ്പെടേണ്ട രോഗം. ചിലപ്പോൾ ഒരുപാട് നാൾ ചികിത്സ വേണ്ടി വന്നേക്കാവുന്ന രോഗം. രോഗിയും ഡോക്ടറും മറ്റു തെറാപ്പിസ്റ്റുകളും രോഗിയുടെ സുഹൃത്തുക്കളും വീട്ടുകാരും തുടങ്ങി എല്ലാവരും നിരന്തരം ചികിത്സയുടെ ഭാഗഭാക്കാവേണ്ട രോഗം’ -ഡോ. മനോജ് വ്യക്തമാക്കി.

ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പിന്റെ പൂർണരൂപം:

എനിക്ക് വളരെ അടുത്തറിയാവുന്ന ഒരാൾ. വിഷാദത്തിന്റെ ഇരുട്ട് അപ്രതീക്ഷിതമായാണ് അയാളെ പിടികൂടിയത്. ഉറക്കമില്ലായ്മ, ഒന്നിനോടും താൽപ്പര്യമില്ലായ്മ, ഉത്കണ്ഠ തുടങ്ങി ആത്മഹത്യയെ പറ്റിയുള്ള ചിന്തകൾ വരെ ഘട്ടം ഘട്ടമായി അയാൾക്കുണ്ടായി. ലക്ഷണങ്ങൾ കണ്ടപ്പൊഴേ ചികിത്സ തുടങ്ങി. കുറച്ചു നാൾ മരുന്ന് കഴിച്ചപ്പോൾ ഭേദമായതായി സ്വയം തോന്നിയപ്പോൾ അയാൾ മരുന്നിന്റെ ഡോസ് ഒക്കെ കുറച്ചു. അതുപക്ഷേ വലിയ തെറ്റായിപ്പോയി.

ദിവസങ്ങൾക്കുള്ളിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ വീണ്ടും തുടങ്ങി. അവ അതി കഠിനമായപ്പോൾ സഹികെട്ട് അയാൾ വീണ്ടും ഡോക്ടറെ കണ്ടു. കൂടുതലായി കുറിച്ചു കൊടുത്ത മരുന്നുകൾ അന്ന് വൈകിട്ട് വീട്ടിലെത്തിയ ഉടൻ തന്നെ അയാൾ കഴിച്ചു. എന്നിട്ടും ഉറക്കം വന്നില്ല. അയാൾക്ക് ആത്മഹത്യ ചെയ്യണമെന്ന ത്വര ഭീകരമായി. ചെയ്യാൻ തന്നെ തീരുമാനിച്ചു. പ്ലാനുണ്ടാക്കി. പക്ഷെ കൂടുതലായി കഴിച്ച മരുന്നിന്റെ എഫക്റ്റ് കാരണം ശരീരം ക്ഷീണിക്കുകയും അറിയാതെ ഉറങ്ങിപ്പോകുകയും ചെയ്തതു കൊണ്ടു മാത്രം അയാൾക്കന്ന് ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ആശുപത്രിയിൽ അഡ്മിറ്റായി. മരുന്നും സൈക്കോതെറാപ്പികളുമൊക്കെയായി മാസങ്ങളുടെ ചികിത്സ പിന്നെയും തുടർന്നു. ഇന്നിപ്പോൾ അയാൾ മരുന്നുകളൊക്കെ നിർത്തി മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷമായിട്ടിരിക്കുന്നു.

ആത്മഹത്യയെ പറ്റി നിരന്തരം ചിന്തിക്കുന്നത്, ജീവിതം മടുത്തുവെന്ന് ആവർത്തിക്കുന്നത്, ഇങ്ങനെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് നിരാശപ്പെടുന്നത്, പറ്റുന്നില്ല പറ്റുന്നില്ലാ എന്ന് സ്വയം തോന്നലുണ്ടാകുന്നത്.. ഇവയൊന്നും നിസാരകാര്യങ്ങളേ അല്ല. ഒന്നാന്തരം രോഗമാണ്. എത്രയും വേഗം ചികിത്സിക്കപ്പെടേണ്ട രോഗം. ചിലപ്പോൾ ഒരുപാട് നാൾ ചികിത്സ വേണ്ടി വന്നേക്കാവുന്ന രോഗം. രോഗിയും ഡോക്ടറും (മാരും) മറ്റു തെറാപ്പിസ്റ്റുകളും രോഗിയുടെ സുഹൃത്തുക്കളും വീട്ടുകാരും തുടങ്ങി എല്ലാവരും നിരന്തരം ചികിത്സയുടെ ഭാഗഭാക്കാവേണ്ട രോഗം.

വിഷാദം എത്രയും വേഗം തിരിച്ചറിയുകയും ശരിയായ ചികിത്സ, വേണ്ടത്രയും നാൾ കൃത്യമായി സ്വീകരിക്കുകയും ചെയ്താൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ്. തിരിച്ചറിയാൻ വൈകുന്നതും ചികിത്സ തേടാൻ വൈകുന്നതോ തുടർച്ചികിത്സയ്ക്ക് വൈമുഖ്യം കാണിക്കുന്നതോ ഒക്കെ പലപ്പോഴും ദുരന്തത്തിൽ കലാശിക്കാറുമുണ്ട്. ഉപദേശം കൊണ്ടോ കോമഡി സിനിമകൾ കണ്ടതു കൊണ്ടോ ഒരാളുടെ വിഷാദം ചികിത്സിക്കാനാവുകയുമില്ല. വിഷാദത്തെ പറ്റി കാൽപനികമായി കവിതകൾ എഴുതുന്നത് അതിന്റെ ഭീകരതയെ പറ്റി യാതൊരു ധാരണയുമില്ലാത്തവരായിരിക്കും.

ജ്യോതിഷ് എന്ന സുഹൃത്ത് ഒരു കുറിപ്പെഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ട് ഇന്നിതാ ആത്മഹത്യ ചെയ്തിരിക്കുന്നു. വളരെ സങ്കടത്തോടെയാണത് വായിച്ചവസാനിപ്പിച്ചത്. അയാൾ ചികിത്സ തേടിയിട്ടുണ്ട്. ധാരാളം സൗഹൃദങ്ങളും കൂടെ നിൽക്കാൻ ആൾക്കാരും ഉണ്ടായിരുന്നു. എന്നിട്ടും. നിർഭാഗ്യകരം എന്നേ പറയാനുളളൂ. ഇത്രയും ചികിത്സാ സൗകര്യങ്ങൾ ഉള്ള ഒരിടത്ത്, ഈ ഒരു കാലത്ത് ഇപ്പൊഴും ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് തികച്ചും ദൗർഭാഗ്യകരം തന്നെ.

സാധിക്കുമെങ്കിൽ ആ സൂയിസൈഡ് നോട്ട് ഫേസ്ബുക്കിൽ നിന്നും എത്രയും വേഗം റിമൂവ് ചെയ്യിക്കണമെന്നാണ് എന്റെ അഭിപ്രായം. അതു തന്നെ സമാന അവസ്ഥയിലുള്ളവർക്ക് ട്രിഗറാവാം.

ജ്യോതിഷിന് ആദരാഞ്ജലി 💐

മനോജ് വെള്ളനാട്

Full View

Tags:    
News Summary - DR Manoj Vellanad about jyothish vanaja muraleedharan's demise and mental illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.