‘എന്റെ കയ്യിലെ ഡയറിയിൽ എല്ലാമുണ്ട്, പ്രകോപിപ്പിക്കരുത്, വിനാശകാലേ വിപരീത ബുദ്ധി’; ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകി ഷാഫി പറമ്പിൽ എംപിക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ തുടർന്നാൽ കയ്യിലുള്ള ‘ഡയറി’ തുറന്നുപറയേണ്ടി വരുമെന്നും, ‘ശിഷ്യനും ആശാനും’ കൊടുക്കുന്ന കാര്യങ്ങളാണ് അതിലുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അനാവശ്യമായി പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നേ പറയാനുള്ളൂവെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

ഷാഫി പറമ്പിലിനെ ‘എ’ ഗ്രൂപ്പിന്റെ ഭാഗമായി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവർത്തിച്ചു. തനിക്ക് ‘ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സു’കാരുടെ സർട്ടിഫിക്കറ്റൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയമ്മ ഉമ്മൻചാണ്ടി, മകൾ മറിയം, ചാണ്ടി ഉമ്മൻ എന്നിവരുടെ സർട്ടിഫിക്കേഷൻ മാത്രമാണ് തനിക്ക് വേണ്ടത്. ഈ കുടുംബത്തിനുവേണ്ടി ഏറെ പോരാട്ടം നടത്തിയ ആളാണ് താനെന്ന് അവർക്ക് നന്നായി അറിയാം. ഉണ്ണിത്താനോട് നീതി കാണിച്ചില്ലെങ്കിൽ ‘ദൈവശാപം കിട്ടും കുഞ്ഞേ’ എന്ന് ചാണ്ടി ഉമ്മനോട് മറിയമ്മ ഉമ്മൻചാണ്ടി പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താൻ വെളിപ്പെടുത്തി.

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില മോശമായിരുന്ന ഘട്ടത്തിലും, സംസാരശേഷി നഷ്ടപ്പെട്ട സമയത്തും അദ്ദേഹത്തോടൊപ്പം നിന്നവരല്ല ഇപ്പോൾ ‘സ്കൂൾ ഓഫ് പൊളിറ്റിക്സ്’ എന്ന പേരിൽ ശബ്ദമുയർത്തുന്നതെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞെന്ന് കരുതി മറുകണ്ടം ചാടിയവരാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ഉമ്മൻചാണ്ടിക്ക് വയ്യാതെ കിടന്ന സമയത്ത്, ശബ്ദം നിലച്ചപ്പോൾ അദ്ദേഹം എഴുതിക്കൊടുത്ത കുറിപ്പടിയെക്കുറിച്ചും ഉണ്ണിത്താൻ പരാമർശിച്ചു. കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാൻ ഉമ്മൻചാണ്ടി നിർദ്ദേശിച്ചത് കഴക്കൂട്ടത്തുള്ള അഖിലിന്റെ പേരായിരുന്നുവെന്നും, അത് വലിച്ചുകീറിയിട്ടാണ് ‘അടൂർക്കാരൻ ശിഷ്യനെ’ പുള്ളി വെച്ചതെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ സൈബർ ആക്രമണങ്ങൾ അടൂരിലെ ഒരു വീട്ടിൽ നിന്നാണ് വരുന്നതെന്ന സൂചനയും അദ്ദേഹം നൽകി.

താൻ ഇതുവരെ വ്യക്തിപരമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും, ഒരൊറ്റ കാര്യം മാത്രമാണ് പറഞ്ഞതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. അതിന്റെ പേരിൽ വേട്ടയാടാനാണ് നീക്കമെങ്കിൽ ഭയന്ന് പിന്നോട്ട് പോകില്ല. എത്തേണ്ട ഇടത്ത് എത്തിയാലും, മരണം വിഴുങ്ങിയാലും മുന്നോട്ട് തന്നെ കുതിക്കുമെന്നും മുന്നിലെ മുള്ളുകൾ ചവിട്ടിമെതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Don’t provoke, everything in my diary: Unnithan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.