എഎ അസീസിന് കാബിനറ്റ് പദവി വേണമെന്ന് ആർഎസ്പി
തിരുവനന്തപുരം: മുതിർന്ന നേതാവ് എ.എ അസീസിന് കാബിനറ്റ് പദിവി വേണമെന്ന് ആർ.എസ്.പി. സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആവശ്യം ഉന്നയിക്കാൻ തീരുമാനിച്ചത്. മന്ത്രിസഭാംഗങ്ങൾക്ക് പുറമെ കാബിനറ്റ് റാങ്കുകളുടെ എണ്ണം വർധിപ്പിക്കുന്ന നയപരമായ തീരുമാനത്തോട് ആർ.എസ്.പിക്ക് വിയോജിപ്പാണെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. മുമ്പ് ഇത്തരത്തിൽ കാബിനറ്റ് പദവികളുടെ എണ്ണം വർധിപ്പിച്ചതിനെ അതിനിശിതമായി യു.ഡി.എഫ് വിമർശിച്ചിരുന്നു.
എന്നാൽ പ്രത്യേക സാഹചര്യത്തിൽ ആ ശൈലി കീഴ്വഴക്കമാക്കി നടപ്പാക്കാനാണ് ആലോചനയെങ്കിൽ കാബിനറ്റ് പദവി ലഭിക്കാൻ മുന്നണി നേതാക്കൾ അർഹനായ ഒരാളാണ് എഎ. അസീസ്. എല്ലാ പാർട്ടികൾക്കും കാബിനറ്റ് പദവി കൊടുക്കാമെങ്കിൽ ആർ.എസ്.പിക്ക് എന്താണ് അയോഗ്യത. നാല് സീറ്റിൽ ജയിച്ച പാർട്ടിക്ക് ഒരു കാബിനറ്റ് സ്ഥാനമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ പത്തുവർഷം യുഡി.എഫിന് ഒപ്പം നിന്ന് ഉജ്ജ്വലമായ പ്രക്ഷോഭം നടത്തിയ പാർട്ടിയാണ് ആർ.എസ്.പി -പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
സംഘടനാ കരുത്തും സമരങ്ങളിലെ പങ്കാളിത്തവും പരിഗണിച്ച് ബോർഡ്, കോർപ്പറേഷൻ വിഭജനങ്ങളിൽ ആർ.എസ്.പിക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും ഈ മാസം തന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്നും ആർ.എസ്.പി ആവശ്യപ്പെട്ടു.
യു.ഡി.എഫ് യോഗങ്ങൾ കൃത്യമായി ചേരുന്നില്ലെന്നും നയപരമായ കാര്യങ്ങളിൽ മുന്നണിയിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ആർ.എസ്.പി യോഗത്തിൽ വിമർശനമുയർന്നു. 2026 ജൂലൈയിലാണ് അവസാന യു.ഡി.എഫ് ഏകോപന സമിതി യോഗം ചേർന്നതെന്നും കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് പതിവായി യു.ഡി.എഫ് യോഗങ്ങൾ വിളിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം, നിയമസഭയിലും ഭരണനിർവഹണത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനം പൊതുവിൽ മികച്ചതാണെന്നാണ് ആർ.എസ്.പിയുടെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.