ഐഷ സുൽത്താന

ലക്ഷദ്വീപില്‍ ചികിത്സ കിട്ടാതെ മരിച്ച പിതാവിൻെറ ദുരനുഭവം പങ്കുവെച്ച് സംവിധായിക ഐഷ സുല്‍ത്താന

കൊച്ചി: ലക്ഷദ്വീപില്‍ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുവസംവിധായിക ഐഷ സുല്‍ത്താന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചു. രോഗം തിരിച്ചറിയാതെയും യഥാസമയം ചികിത്സ നൽകാൻ കഴിയാതെയും സ്വന്തം പിതാവ് മരിച്ച പശ്ചാത്തലത്തിലാണ് നിവേദനം സമർപ്പിച്ചത്. മികച്ച ചികിത്സ കിട്ടാതെ നൂറുകണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളതെന്നും ദേശീയ മനുഷ്യാവകാശ കമീഷനും വിഷയത്തിൽ ഇടപെടണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെടുന്നു.

ഹൃദയാഘാതത്തെ തുടർന്ന് 24 മണിക്കൂറിനകം നല്‍കേണ്ട ചികിത്സ പിതാവിന് നല്‍കാന്‍ ലക്ഷദ്വീപിലെ ആശുപത്രികള്‍ക്ക് സാധിച്ചില്ല. പിന്നീട് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരിച്ചു. യഥാസമയം ലക്ഷദ്വീപില്‍നിന്ന് ചികിത്സ കിട്ടിയിരുന്നെങ്കില്‍ പിതാവിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും, വ്യക്തിപരമായും സാമൂഹ്യപരമായും ലക്ഷദ്വീപിലെ ആരോഗ്യമേഖലയുടെ ആശങ്ക അറിയിക്കുയാണെന്നും ഐഷ സുൽത്താന നിവേദനത്തിൽ പറയുന്നു.

കോവിഡ് പോലെ അതീവ ഗുരുതര വൈറസുകള്‍ പടരുന്ന സാഹചര്യത്തില്‍ പോലും വേണ്ട പ്രതിരോധ സംവിധാനങ്ങൾ ദ്വീപിൽ ഇല്ല. മൂന്ന് ദ്വീപുകളില്‍ മാത്രമാണ് ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളോടെ ആശുപത്രികള്‍ ഉള്ളത്. എന്നാല്‍ ഈ ആശുപത്രികളിലേക്ക് എത്തിച്ചേരാന്‍ വളരെ പ്രയാസമാണ്. മണ്‍സൂണ്‍ സമയങ്ങളില്‍ രോഗികളുമായി എത്തുക ദുരിതമാണ്. എല്ലാ ദ്വീപുകളിലും ചികിത്സാ സംവിധാനവും യാത്രാസൗകര്യവും ഒരുക്കുകയാണ് അടിസ്ഥാന ആവശ്യമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു

ലക്ഷദ്വീപിലെ ആരോഗ്യ മേഖലയിലെ ദുരിതം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ലക്ഷദ്വീപില്‍ അടിയന്തിരമായി ആധുനിക സൗകര്യങ്ങളോടെ ആശുപത്രികള്‍ ഒരുക്കുക, മികച്ച ഡോക്ടര്‍മാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിക്കുന്നത്.

ലക്ഷദ്വീപിന്‍റെ സാമൂഹിക ജീവിതം ചൂണ്ടിക്കാട്ടുന്ന 'ഫ്ളഷ്' എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ഐഷ സുല്‍ത്താന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.