പി.എസ്. പ്രശാന്ത്

പാളിയിൽ 49 പവനാണ് നിലവിലുള്ളത്, നാല് കിലോ സ്വർണം പോയെന്ന് പറയുന്നത് വങ്കത്തരം -ദേവസ്വം ബോർഡ് പ്രസിഡന്‍റ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി സ്വർണം പൂശിയ ചെമ്പുപാളിയാണെന്നും അതിൽ അര കിലോഗ്രാമിൽ താഴെ മാത്രമാണ് സ്വർണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഒരു പവനെന്ന് പറയുന്നത് എട്ട് ഗ്രാമാണ്. ഒരു കിലോ എന്ന് പറയുന്നത് 125 പവനും. നിലവിൽ 38 കിലോയുള്ള പാളിയിൽ 397 ഗ്രാമാണ് സ്വർണമുള്ളത്. ഏതാണ്ട് 49 പവനാണ് നിലവിലുള്ളത്. ഇതിനൊപ്പം ആനുപാതികമായി അഞ്ച് പവൻ കൂടി കൂട്ടിയാലും 55 പവന് മുകളിൽ വരില്ലെന്നും നാല് കിലോ സ്വർണം അടിച്ചുകൊണ്ട് പോയെന്ന് പറയുന്നത് വങ്കത്തരമാണെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

“വ്യാജ ആരോപണമുന്നയിച്ച് രംഗത്തുവന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി തന്നെ കുടുങ്ങുകയാണിപ്പോൾ. മാധ്യമ വാർത്തകളിൽനിന്ന് ഒട്ടേറെ തട്ടിപ്പുകളുടെ ഭാഗമായിരുന്നു ഇയാളെന്നാണ് മനസിലാക്കുന്നത്. എല്ലാം അന്വേഷിക്കണമെന്നാണ് ബോർഡ് ആവശ്യപ്പെടുന്നത്. ബോർഡിന് അതിൽ ഒരു പങ്കുമില്ല. ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അവരെയും സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. നാലുകിലോ സ്വർണം കാണാനില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. കോടതി പറഞ്ഞത് ചെമ്പുൾപ്പെടെ നാലുകിലോ കുറവുണ്ടെന്നാണ്.

ഞങ്ങൾ ഇപ്പോൾ കൊണ്ടുപോയ 38 കിലോയുള്ള പാളിയിൽ 397 ഗ്രാമാണ് സ്വർണമുള്ളത്. ഒരു പവനെന്ന് പറയുന്നത് എട്ട് ഗ്രാമാണ്. ഏതാണ്ട് 49 പവനാണ് നിലവിലുള്ളത്. ഇതിനൊപ്പം ആനുപാതികമായി അഞ്ച് പവൻ കൂടി കൂട്ടിയാലും 55 പവന് മുകളിൽ വരില്ലല്ലോ. ഒരു കിലോ എന്ന് പറയുന്നത് 125 പവനാണ്. അര കിലോഗ്രാം പോലുമില്ലാത്തതിനെ നാല് കിലോ സ്വർണം അടിച്ചോണ്ട് പോയെന്ന് പറയുന്നത് വങ്കത്തരമാണ്” -പി.എസ്. പ്രശാന്ത് പറഞ്ഞു.

വിവാദത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ വീഴ്ച പി.എസ്. പ്രശാന്ത് ശരിവെച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളി കൊടുത്തുവിടരുതായിരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ‌ർക്ക് വീഴ്‌ച സംഭവിച്ചു. അയ്യപ്പ സംഗമത്തെ എതിർത്തവരാണ് വിവാദത്തിന് പിന്നിൽ. ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബോർഡിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. എന്നാൽ, ആരോപിച്ചയാൾതന്നെ പ്രതിയാകുന്ന സ്ഥിതിയാണ്. ശബരിമല എന്ന പവിത്രമായ ആരാധനാലയത്തെ സംശയനിഴലിൽ നിർത്തി മുന്നോട്ടുപോകാൻ ആർക്കും സാധിക്കില്ല.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട, 1999 മുതൽ 2025 വരെയുള്ള എല്ലാ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെടും. അതുതന്നെയാണ് ദേവസ്വം മന്ത്രിയുടെയും നിലപാട്. തങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. ശബരിമലയിലെ സ്വർണം ഇടപാടുമായി ബന്ധപ്പെട്ട രജിസ്‌റ്ററുകൾ കൃത്യമാണ്. ക്ഷേത്രമുതൽ അറ്റകുറ്റപ്പണിക്ക് പുറത്ത് കൊണ്ടുപോകുന്നതിൽ തെറ്റില്ല. ശബരിമലയിലെ അവസാന വാക്ക് തന്ത്രിയുടേതാണ്. മാന്വൽ പ്രകാരം സ്വർണം അറ്റകുറ്റപ്പണിക്ക് സന്നിധാനത്തിന് പുറത്ത് കൊണ്ടുപോകാനാകില്ലെന്ന വാദം ശരിയല്ല. താൻ പ്രസിഡന്റായ ശേഷം അഞ്ച് തവണ കൊടിമരം പ്ലേറ്റിങ്ങിന് ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ടെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കി.

Tags:    
News Summary - Devaswom Board President Response on Sabarimala Gold Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.