സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ: വാർത്ത വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അനധികൃതമായി പ്രവേശിക്കുകയോ മതിയായ യാത്രാരേഖകളില്ലാതെ തങ്ങുകയോ ചെയ്യുന്ന വിദേശികളെ പാർപ്പിക്കുന്നതിനുള്ള ‘തടങ്കൽ കേ​​ന്ദ്രങ്ങളു’മായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ നടപടിക്രമങ്ങളും നിർത്തിവെക്കാൻ ഉത്തരവ്​. 2012ൽ കേ​ന്ദ്രസർക്കാർ നിർദേശാനുസരണം ​മുൻ സർക്കാറാണ്​ ഇത്​ സംബന്ധിച്ച നടപടികൾ തുടങ്ങിയതെന്നും ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും ഈ സര്‍ക്കാറി‍​​​െൻറ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ്​ വ്യക്തമാക്കി. ഇക്കാര്യങ്ങൾ കണക്കിലെടുത്തും പൗരത്വ നിയമവുമായി ബന്ധ​പ്പെട്ട നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചുമാണ്​ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടതെന്നും വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.

വിസയുടെയും പാസ്പോര്‍ട്ടി​​​െൻറയും കാലാവധി തീര്‍ന്നവര്‍, വിചാരണ നേരിടുന്ന വിദേശികള്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തല്‍ കാത്തിരിക്കുന്നവര്‍ എന്നിവരെ പാർപ്പിക്കാൻ സാമൂഹികനീതി വകുപ്പി​​​െൻറ നേതൃത്വത്തിൽ തടങ്കൽ പാളയങ്ങൾക്ക്​ നടപടി തുടങ്ങിയത്​ സംബന്ധിച്ച്​ ‘ദി ഹിന്ദു’ പത്രമാണ്​ വാർത്ത പ്രസിദ്ധീകരിച്ചത്​. എന്നാൽ, നിലവിലെ പൗരത്വ വിവാദങ്ങളുമായി ഇത്തരം കേന്ദ്രങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന്​ സാമൂഹികനീതി വകുപ്പ്​ വ്യക്തമാക്കുന്നു.

മതിയായ രേഖകളില്ലാതെ വിമാനത്താവളങ്ങളിലെത്തുന്നവരെ പൊലീസാണ് പിടികൂടി ജയിലിലേക്ക് മാറ്റുന്നത്. യാത്രാ രേഖകളുടെ അഭാവം മാത്രം കണക്കിലെടുത്ത് കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്നതിന് പകരം വിദേശ പൗരൻമാരെന്ന നിലയിൽ കുറച്ച് കൂടി അന്തസ്സും പരിഗണനയും നൽകുന്നതിനാണ് ഇവരെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളുടെ ചുമതല ആഭ്യന്തര വകുപ്പിന് പകരം സാമൂഹിക നീതി വകുപ്പിന് നൽകിയത്.

ഇത് സംബന്ധിച്ച് എഴുത്തു കുത്തുകൾ നടന്നതല്ലാതെ മറ്റ് നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്നാണ്​ സാമൂഹികനീതി വകുപ്പി​​​​െൻറയും വിശദീകരണം. തടങ്കല്‍ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതി​​​െൻറ ഭാഗമായി എത്രപേർ ജയലിൽ കഴിയുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾക്കായി സംസ്ഥാന ക്രൈം റെക്കോഡ്​സ്​ ബ്യൂറോക്ക്​ സാമൂഹികനീതി വകുപ്പ് 2019 ജൂണില്‍ കത്തെഴുതിയിരുന്നു. എന്നാൽ, കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. ഒടുവിൽ നവംബർ 26നും കത്തയച്ചിട്ടുണ്ട്.

അനധികൃതമായി തങ്ങു​ന്ന വിദേശികൾക്കായി താമസസ്ഥലങ്ങളൊരുക്കാൻ എൻ.ജി.ഒകളുടെ താൽപര്യ പത്രം ക്ഷണിച്ചിരുന്നെങ്കിലും ആരും തയാറായില്ല. ഇതേ തുടർന്നാണ്​ സമൂഹികനീതി വകുപ്പ് നേരിട്ട്​ നടപടികൾ ആരംഭിച്ചത്​. അതേസമയം, 2019 ജനുവരിയിൽ തടങ്കൽ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത്​ നൽകിയിരുന്നു. പൗരത്വഭേദഗതി നിയമത്തി​​​െൻറ മുന്നോടിയായ ഇൗ കത്തിന് സംസ്ഥാന സർക്കാർ എന്ത് മറുപടിയാണ് നൽകിയതെന്നത്​ പ്രസക്തമാണ്​.

തടങ്കൽ കേന്ദ്രങ്ങൾ: നടക്കുന്നത്​ വ്യാജപ്രചാരണമെന്ന് സർക്കാർ​, നാൾവഴി ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ തടങ്കൽ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്​ ചില കേന്ദ്രങ്ങള്‍ നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന്​ മുഖ്യമന്ത്രിയുടെ ഒാഫിസ്​. ഏഴുവര്‍ഷം മുമ്പാണ്​ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാർക്ക​​ും കത്തയച്ചത്​. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവരെയും മതിയായ യാത്രാ രേഖകളില്ലാതെ തങ്ങുന്ന​വരെ രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ സ​​െൻററുകൾ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കണമെന്നതായിരുന്നു കത്തി​​​െൻറ ഉള്ളടക്കം.

- ആദ്യ യോഗം വിളിച്ചത്​ ആഭ്യന്തര വകുപ്പ്​
ഈ കത്തി‍​​െൻറ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിനാണ്​ ആഭ്യന്തര വകുപ്പ് യോഗം വിളിച്ചതെന്ന്​ മുഖ്യമ​ന്ത്രിയുടെ ഒാഫിസ്​ വ്യക്തമാക്കുന്നു. അന്നത്തെ ഡി.ജി.പിയും ഇൻറലിജൻസ്​ എ.ഡി.ജി.പിയും ജയില്‍ വകുപ്പ് ഐ.ജിയും ഉള്‍പ്പെടെ ആ യോഗത്തില്‍ പങ്കെടുത്തു. യോഗത്തി‍​​െൻറ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തരമായി അത്തരം സ​​െൻററുകള്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചു. അവ സാമൂഹിക നീതി വകുപ്പി‍​​െൻറ കീഴിലാകണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും തീരുമാനിച്ചു. ആവശ്യമായ സ്​റ്റാഫിനെ പൊലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. പൊലീസ്-ജയില്‍ വകുപ്പുകള്‍ക്ക് പുറത്താകണം അത്തരം സ​​െൻററുകള്‍ സ്ഥാപിക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.

- ചുമതല നൽകിയത്​ സാമൂഹിക നീതി വകുപ്പിന്​
ഡിറ്റന്‍ഷന്‍ സ​​െൻറര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശിപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29നാണ്​ സാമൂഹികനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയത്​. തുടര്‍ന്ന്, ഇതേ ആവശ്യത്തിനായി സാമൂഹികനീതി ജില്ല ഓഫിസറും ജില്ല പൊലീസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിങ്​ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്ര പേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെ വിവരങ്ങള്‍ സാമൂഹികനീതി വകുപ്പ് ഡയറക്ടറോട് സെക്ര​േട്ടറിയറ്റിലെ സാമൂഹികനീതി വകുപ്പ് ആവശ്യപ്പെട്ടു. ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോടും ചോദിച്ചു.

ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോര്‍ഡ്സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ല. നേരത്തേ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാറില്‍നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ്​ വ്യക്തമാക്ക​ുന്നു.

Tags:    
News Summary - detention centre in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.