പോളിങ് കുറഞ്ഞെങ്കിലും അങ്കമാലിയിൽ ഇരുമുന്നണികളും പ്രതീക്ഷയിൽ

അങ്കമാലി: കേരളത്തിൽ പൊതുവെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയതെങ്കിലും അങ്കമാലിയിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വളരെ കുറവാണ്. 2.12 ശതമാനം കുറവാണുണ്ടായത്. 2021ൽ 77.56 ശതമാനമാണ് രേഖപ്പെടുത്തിയതെങ്കിലും ഇത്തവണ അങ്കമാലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനമായി രേഖപ്പെടുത്തിയ കണക്കനുസരിച്ച് 75.44 ശതമാനമാണ്. 2021ലെ തെരഞ്ഞെടുപ്പിൽ 15929 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

റോജിക്ക് 71562 വോട്ടും, എൽ.ഡി.എഫിലെ ജനതാദൾ-എസ് സ്ഥാനാർഥിയും, മുൻ മന്ത്രിയുമായ അഡ്വ. ജോസ് തെറ്റയിലിന് 55633 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിയിലെ കെ.വി. സാബുവിന് 8677 വോട്ടും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അവസ്ഥ ആകെ മാറി. ജനതാദളിൽ നിന്ന് സീറ്റ് സി.പി.എം ഏറ്റെടുത്ത് തുടർച്ചയായി മൂന്ന് തവണ പെരുമ്പാവൂരിൽ നിന്ന് വിജയിച്ച സാജു പോളിനെ അങ്കമാലിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കി. എൽ.ഡി.എഫ് പാളയത്തിൽ അടക്കും ചിട്ടയോടെയുമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം കുറഞ്ഞതും സാജു പോളിന്റെ വ്യക്തി പ്രവാഹവും ഇത്തവണത്തെ വിധിയെഴുത്ത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബൂത്ത് തല പ്രാഥമികവും സൂക്ഷ്മവുമായ വിശകലനത്തിലൂടെ എൽ.ഡി.എഫ് അവകാശപ്പെടുന്നത്.

അതേസമയം അങ്കമാലി മണ്ഡലത്തിലെ നാളിതുവരെയുള്ള കണക്കുകൾ വിലയിരുത്തുമ്പോൾ പോളിങ് ശതമാനം കൂടുന്നതും കുറയുന്നതും വിജയത്തിന് ഭീഷണിയാകാറില്ലെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. അങ്കമാലി നഗരസഭയും നിയോജക മണ്ഡല പരിധിയിൽ അയ്യമ്പുഴ പഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് ഭരണം കൈയാളുന്നതും, ഭരണവിരുദ്ധ തരംഗം അങ്കമാലിയിൽ പ്രധാന ചർച്ചാവിഷയമായതും കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അവർ പറയുന്നു. 20000ത്തിൽ കുറയാത്ത ഭൂരിപക്ഷം റോജിക്ക് ലഭിക്കുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.

എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായ ട്വൻറി 20 ഇത്തവണ അങ്കമാലിക്കാരനായ പ്രോമി കുര്യാക്കോസിനെയാണ് കളത്തിലിറക്കിയത്. അതിനാൽ കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുമെന്നും ഇരുമുന്നണികളേയും സാരമായി ബാധിക്കുമെന്നും പറയുന്നു.

യു.ഡി.എഫ് സ്ഥാനാർഥി റോജി എം.ജോൺ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലേയും നേതാക്കളോടൊപ്പമിരുന്ന് മണ്ഡലം തല വിലയിരുത്തലിലായിരുന്നു. ഏതാനും രോഗികളെ സന്ദർശിക്കുകയും, മരണ, വിവാഹ ചടങ്ങുകളിലും മറ്റും പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ എറണാകുളത്ത് ഡി.സി.സി ഓഫിസിൽ ചേർന്ന യോഗത്തിലും, വൈകീട്ട് മണ്ഡലത്തിലെ ഏതാനും പ്രമുഖ വ്യക്തികളെ കാണാനുമാണ് സമയം ചെലവിട്ടത്. എൽ.ഡി.എഫ് സ്ഥാനാർഥി സാജു പോൾ വിവാഹ, മരണാനന്തര ചടങ്ങുകളിലും മറ്റും പങ്കെടുത്തു.

Tags:    
News Summary - Despite low turnout, both fronts remain hopeful in Angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.