കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കലാപക്കൊടിയുയർത്തി പോസ്റ്ററും ബാനറുകളും. സമൂഹമാധ്യമത്തിൽ തെറിവിളികളും തുടങ്ങി. മുനവെച്ച സംസാരവുമായി സംസ്ഥാന സമിതിയംഗം പി. ജയരാജനും രംഗത്തെത്തി. എം.വി. ഗോവിന്ദൻ സമ്പൂർണ തോൽവിയെന്ന നിലക്കാണ് ആരോപണങ്ങളേറെയും. 2022 സെപ്റ്റംബറിൽ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി വന്നശേഷം നടന്ന തെരഞ്ഞെടുപ്പിലെല്ലാം പാർട്ടിക്ക് അടിക്കടി തോൽവിയാണെന്നാണ് പ്രധാന വിമർശനം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശതെരഞ്ഞെടുപ്പിലും കനത്ത പരാജയമുണ്ടായി.പിന്നാലെ, നിയമസഭ തെരഞ്ഞെടുപ്പിലും വൻ തിരിച്ചടി നേരിട്ടതോടെയാണ് അണികൾ തിരിഞ്ഞത്.
കണ്ണൂർ ജില്ലയിൽ പലയിടത്തും ഇദ്ദേഹത്തിനെതിരെ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. ‘പാർട്ടിയാണ് വലുത് നേതാക്കളല്ല’ എന്നാണ് ഈരായികൊല്ലിയിലെ ബാനറിലെ വാചകം. ‘മൊറാഴ സഖാക്കൾ’ എന്ന പേരിൽ ധർമശാലയിലും ആന്തൂരിലും നേതൃത്വത്തിനെതിരെ പോസ്റ്ററുകളുണ്ട്. സൈബറിടത്തും വൻ വിമർശനമാണ്. ‘കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ലെന്നു’ പറഞ്ഞ് ബിനീഷ് കോടിയേരി തന്നെ ഗോവിന്ദനെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. പോരാളി ഷാജി പോലുള്ള ഗ്രൂപ്പുകളും പരിഹാസമായി രംഗത്തുണ്ട്. ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിലെ കമന്റിലും കടുത്തവിമർശനമാണ്.
‘ഇറങ്ങിപ്പോകണം സഖാവേ, പാർട്ടിയെ ഇല്ലാതക്കല്ലേ, ഞാനും ഭാര്യയും മതി, ഒന്ന് ചിരിക്കാൻ എങ്കിലും പഠിക്കൂ’ എന്നിങ്ങനെ നീളുന്നു പരിഹാസം. ഗോവിന്ദൻ സെക്രട്ടറിയായതു മുതൽ നിസ്സഹകരിക്കുന്ന കണ്ണൂരിലെ ചില മുതിർന്ന നേതാക്കളും പരോക്ഷമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.