സിദ്ധാർഥന്‍റെ മരണം; ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് സിദ്ധാർഥനെ ആക്രമിച്ച കോളജ് കാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തി തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സിദ്ധാര്‍ഥനെ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയ സ്ഥലത്തും സിൻജോയെ എത്തിച്ചു.

ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടന്നത്. ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്‍ഥൻ തുടര്‍ച്ചയായ ക്രൂര മര്‍ദനത്തിനിരയായത്. തെളിവെടുപ്പിനിടെയാണ് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി കാണിച്ചു കൊടുത്തത്.

സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെയാണു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിലെ ‘അലിഖിത നിയമ’മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പ് ആക്കാൻ വിളിച്ചു വരുത്തിയ ശേഷമാണു സിദ്ധാർഥനെ മര്‍ദനത്തിന് ഇരയാക്കിയത്. കൊലപാതക സാധ്യതയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആവർത്തിക്കുന്നതിനിടെയാണ് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്.

കഴിഞ്ഞ 16ന് രാത്രി ഒമ്പത് മുതൽ സിദ്ധാർഥനെ മര്‍ദനത്തിന് ഇരയാക്കി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റും കേബിൾ വയറും ഉപയോഗിച്ച് ഇടവേളയില്ലാതെ മർദിച്ചു. 21–ാം നമ്പർ ഹോസ്റ്റൽ മുറിയിൽവച്ചും പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തും മർദനം തുടർന്നു. പുലർച്ചെ രണ്ട് മണിവരെ പരസ്യ വിചാരണ നടത്തി. ക്രൂരമായ മർദനവും ആൾക്കൂട്ട വിചാരണയും നടത്തി മരണമല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലേക്ക് പ്രതികൾ സിദ്ധാർഥനെ എത്തിച്ചെന്നും റിമാർഡ് റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Death of Siddhartha; The weapons used in the attack were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.